LIFEMovie

ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് ചിത്രത്തിന്‍റെ സംവിധായകന് വധ ഭീഷണി; രാജ്കുമാർ സന്തോഷിക്ക് സുരക്ഷയൊരുക്കി പൊലീസ്

മുംബൈ: ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാജ്കുമാർ സന്തോഷിക്ക് വധ ഭീഷണി. ഇതിനെ തുടര്‍ന്ന് രാജ്കുമാർ സന്തോഷി തിങ്കളാഴ്ച മുംബൈ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രാജ്കുമാർ സന്തോഷിക്ക് മുംബൈ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

വധഭീഷണിയെ തുടർന്ന് കൂടുതൽ സുരക്ഷ നൽകണമെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ ദേവൻ ഭാരതിക്ക് അയച്ച കത്തിൽ രാജ്കുമാർ സന്തോഷി അഭ്യർത്ഥിക്കുകയായിരുന്നു. തന്‍റെ “ഗാന്ധി ഗോഡ്‌സെ: ഏക് യുദ്ധ്” എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെ ഒരു വിഭാഗം പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും സന്തോഷി പരാതിയില്‍ പറഞ്ഞിരുന്നു.

Signature-ad

ഇന്ത്യൻ സിനിമയ്‌ക്ക് വഴിത്തിരിവാകുന്ന സിനിമകളുടെ പേരില്‍ പേരുകേട്ട സംവിധായകൻ മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ്  എന്നതിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ ചിലര്‍ മനപൂര്‍വ്വം പ്രശ്നം ഉണ്ടാക്കിയിരുന്നു. ഈ സിനിമയുടെ റിലീസും പ്രൊമോഷനും നിർത്തണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതരായ ചിലരിൽ നിന്ന് പിന്നീട് നിരവധി ഭീഷണികൾ ലഭിച്ചു. ഇതോടെ കടുത്ത അരക്ഷിതാവസ്ഥയിലാണ് താന്‍. അത്തരം ആളുകളില്‍ നിന്നും സംരക്ഷണം ലഭിച്ചില്ലെങ്കില്‍ തനിക്കും കുടുംബാംഗങ്ങൾക്കും ഗുരുതരമായ അപകടം ഉണ്ടാകുമെന്ന് കരുതുന്നതായി രാജ് കുമാര്‍ സന്തോഷി പറയുന്നു.

ആന്ദാസ് അപ്‌ന അപ്‌ന മുതൽ ഫാറ്റ പോസ്റ്റർ നിക്‌ല ഹീറോ വരെ ബിഗ് സ്‌ക്രീനിൽ മികച്ച ചില ചിത്രങ്ങള്‍ മുന്‍കാലങ്ങളില്‍ അവതരിപ്പിച്ച സംവിധായകനാണ് രാജ്കുമാർ സന്തോഷി.  മഹാത്മാഗാന്ധിയുടെ വേഷം ചെയ്യുന്നത്  ദീപക് അന്താനിയാണ്, ചിത്രത്തിൽ നാഥുറാം ഗോഡ്‌സെയായി ചിന്മയ് മണ്ഡ്ലേക്കർ എത്തുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള ചരിത്രത്തിലെ മറ്റ് പ്രമുഖ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.

അസ്ഗർ വജാഹത്തും രാജ്കുമാർ സന്തോഷിയും ചേർന്നാണ് ഗാന്ധി ഗോഡ്സെ ഏക് യുദ്ധ് എഴുതിയിരിക്കുന്നത്. സന്തോഷി പ്രൊഡക്ഷൻസ് എൽഎൽപി നിർമ്മിക്കുന്ന ചിത്രം പിവിആർ പിക്ചേഴ്സ് റിലീസ് ആണ്. സിനിമയില്‍ സംഗീതസംവിധാനം എ.ആർ.റഹ്മാനാണ്. ഗാന്ധി ഗോഡ്‌സെ ഏക് യുദ്ധ് 26ന് റിപ്പബ്ലിക് ദിനത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു.

Back to top button
error: