NEWSWorld

ഏറ്റവും പ്രായം കൂടിയ വ്യക്തി; ഇനി റെക്കോഡ് 115 വയസുകാരി മരിയ ബ്രാന്യാസ് മൊറേറയ്ക്ക് സ്വന്തം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോഡ് ഇനി 115 വയസുള്ള അമേരിക്കക്കാരി മരിയ ബ്രാന്യാസ് മൊറേറയ്ക്ക്. ലോക റെക്കോര്‍ഡിന് ഉടമയായിരുന്ന 118 വയസുള്ള ഫ്രഞ്ച് കന്യാസ്ത്രീ ലുസൈന്‍ റാന്‍ഡന്‍ കഴിഞ്ഞ 17 ന് മരണത്തിനു കീഴടങ്ങിയതോടെയാണ് മരിയ ബ്രാന്യാസ് മൊറേറയ്ക്ക് ബഹുമതി ലഭിച്ചത്.

1907 മാര്‍ച്ച് 4-ന് അമേരിക്കയിലാണ് മരിയയുടെ ജനനം. ടെക്സാസില്‍ പത്രപ്രവര്‍ത്തകനായിരുന്നു മരിയയുടെ പിതാവ്. ഒന്നാംലോക മഹായുദ്ധകാലത്ത് സ്പെയിനിലേയ്ക്ക് മടങ്ങുന്നതിനിടെ അദ്ദേഹം ക്ഷയം ബാധിച്ച് മരിച്ചു. പിന്നീട് മരിയയും അമ്മയും ബാഴ്സലോണയില്‍ സ്ഥിര താമസമാക്കി. 1931-ന് മരിയ ഡോക്ടറായ ജോണ്‍ മോററ്റിനെ വിവാഹം ചെയ്തു, ഭര്‍ത്താവിനൊപ്പം നഴ്സായി ജോലി ചെയ്തു. 1976-ല്‍ മരിയയുടെ ഭര്‍ത്താവ് മരിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. തൊണ്ണൂറ്റി രണ്ടാമത്തെ വയസില്‍ ഒലോട്ടയിലെ നഴ്സിങ് ഹോമിലേയ്ക്ക് താമസം മാറിയ മരിയ ഇപ്പോഴും അവിടത്തെ അന്തേവാസികള്‍ക്കൊപ്പം ആണ് താമസം. ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലാത്ത അവര്‍ ഇന്നും ഊര്‍ജസ്വലയായ വ്യക്തിയാണ്. ഒഴിവ് സമയങ്ങളില്‍ പിയാനോ വായനയും വ്യായാമവുമൊക്കെ ചെയ്യും.

അതേസമയം, വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ടൗലോണിലെ നഴ്‌സിംഗ് ഹോമിലാണ് 118-കാരിയായിരുന്ന ഫ്രഞ്ച് കന്യാസ്ത്രീ ലുസൈന്‍ റാന്‍ഡന്‍ അന്തരിച്ചത്. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ഒരു ദശകം മുമ്പ് 1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലാണ് അവർ ജനിച്ചത്. 1944ൽ കന്യാസ്ത്രീ ആയപ്പോഴാണ് റാൻഡൻ ആന്ദ്രേ എന്ന പേര് സ്വീകരിച്ചത്. ജെറന്റോളജി റിസേർച്ച് ഗ്രൂപ്പിന്റെ വേൾഡ് സൂപ്പർ സെന്റേറിയൻ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ് റാൻഡനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയത്. 2022ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിലും റാൻഡന്റെ പേര് വന്നിരുന്നു.

Back to top button
error: