IndiaNEWS

വനിതാ ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കം, മോശം പെരുമാറ്റം; യാത്രക്കാരെ ഇറക്കിവിട്ടു

ന്യൂഡല്‍ഹി: വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഡല്‍ഹി-ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയായിരുന്നു.

ഒരു യാത്രക്കാരന്‍ വനിതാ ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരന്‍ സ്പര്‍ശിച്ചതായും മറ്റു ജീവനക്കാര്‍ പരാതി നല്‍കി.

ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രക്കാരന്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതെന്നും അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്‌പൈസ് ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. സംഭവം ക്യാബിന്‍ ക്രൂ, സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.

അപമര്യാദയായി പെരുമാറിയ യാത്രക്കാരനെയും അയാള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തിയെയും വിമാനത്തില്‍നിന്ന് പുറത്താക്കിയെന്നും കുറിപ്പില്‍ പറയുന്നു. യാത്രക്കാരന്‍ പിന്നീട് ക്ഷമാപണം എഴുതി നല്‍കിയെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അയാളെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് വിവരം.

Back to top button
error: