തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം. ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വീട്ടിലെത്തി പരിശോധന നടത്തി.
മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ ഒന്നേമുക്കാലിനാണ് വീടിന് തീപിടിച്ച് വര്‍ക്കല സ്വദേശി പ്രതാപൻ, ഭാര്യ ഷേര്‍ളി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരമിയുടെ ആറ് മാസം പ്രായമായ മകൻ റയാൻ എന്നിവര്‍ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിന് പിന്നാലെയാണ് വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് പ്രതാപന്‍റെ മൂത്ത മകൻ രാഹുൽ ഒന്നരമാസം മുമ്പ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്ന വിലയിരുത്തൽ ആണ് പൊലീസിന്‍റേയും ഫയർഫോഴ്‌സിന്‍റേയും. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്നാണ് വൈദ്യുതി വകുപ്പിന്‍റെ റിപ്പോര്‍ട്ട്.
മൂന്ന് റിപ്പോര്‍ട്ടുകളിലും തീപിടിത്തത്തിന്‍റെ ഉറവിടം വ്യക്തമല്ല. തീപിടിത്തത്തെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനിടയിലാണ് ഈമാസം 14ന് കേസ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. എസ്‍ പി സുനിൽകുമാറിനാണ് അന്വേഷണച്ചുമതല. പത്ത് ദിവസത്തിനിടെ നാലാം തവണയാണ് അന്വേഷണ സംഘം തീപിടിച്ച വീട്ടിലെത്തി പരിശോധന നടത്തിയത്. തീപിടിത്തമുണ്ടായപ്പോഴുള്ള അതേനിലയിൽ ബന്ധുക്കൾ സൂക്ഷിച്ചിരിക്കുകയാണ് വീട്.