KeralaNEWS

വിവാദം അവസാനിപ്പിക്കണം, മതം കലര്‍ത്തരുത്; ഈരാറ്റുപേട്ടയില്‍ സംഘാടകരില്‍നിന്നും മോശം അനുഭവം ഉണ്ടായി: ഗായിക സജ്‌ല സലീം

കോട്ടയം: ഈരാറ്റുപേട്ടയില്‍ ഗാനമേളയ്ക്കിടെ സംഘാടകരില്‍നിന്നും മോശം അനുഭവം നേരിട്ടെന്ന് ഗായിക സജ്‌ല സലീം. ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സംഘാടകരുടെ വാദം തെറ്റാണ്. സംഭവത്തിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും വിഷയത്തില്‍ മതം കലര്‍ത്തരുതെന്നും സജ്‌ല പറഞ്ഞു.

”എല്ലാ ഗാനമേളകളിലും ഉണ്ടാകാറുള്ള രീതിയാണ് അവിടെയും സംഭവായിച്ചത്. ഈരാറ്റുപേട്ടയിലെ ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല.ഒരാള്‍ പാടിയില്ലെങ്കില്‍ വന്ന് അടിക്കും എന്ന് പറഞ്ഞപ്പോള്‍ പ്രതികരിച്ചു. മാപ്പിളപ്പാട്ട്, മതം, താലിബാനിസം തുടങ്ങിയ രീതിയില്‍ വിവാദങ്ങള്‍ വരുന്നു. അതിനോടൊക്കെ പ്രതിഷേധിക്കുകയാണ്. ലൈഫില്‍ ഇത്രയും മോശം രീതിയിലുള്ള സംഘാടക സമിതിയെ കണ്ടിട്ടില്ല.

ഒരുപാട് സൈബര്‍ അറ്റാക്കും ഭീഷണിയും നേരിടുന്നു. ഭീഷണി മുഴക്കിയ ആള്‍ക്കെതിരെയാണ് പ്രതികരിച്ചത്. ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദം തെറ്റാണ്. സഹ ഗായകര്‍ക്കെതിരെയാണ് ഭീഷണി ഉണ്ടായത്. താന്‍ ഇടപെട്ട് പ്രതികരിക്കുകയായിരുന്നുവെന്നും”- സജ്‌ല പറഞ്ഞു.

അതേസമയം, ഗാനമേളയ്ക്കിടെ ഗായിക സജില സലീമിനോട് മാപ്പിളപ്പാട്ട് മാത്രം പാടാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി.എച്ച് അന്‍സാരി രംഗത്തെത്തി. അന്‍സാരിയെ ഗായിക സ്റ്റേജിലേക്ക് വിളിച്ചു കയറ്റുന്നതും ചോദിക്കുന്നതുമായിരുന്നു ദൃശ്യങ്ങളില്‍ ഉള്ളത്. എന്നാല്‍, ഭീഷണിപ്പെടുത്തിയത് താനല്ലെന്നും പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍ വേദിയിലെത്തി ഏത് പാട്ടും പാടിക്കൊള്ളാന്‍ പറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളതെന്നും അന്‍സാരി പറഞ്ഞു. ജനുവരി അഞ്ച് മുതല്‍ 15 വരെ ഈരാറ്റുപേട്ടയില്‍ നടന്ന നഗരോത്സവം- വ്യാപാരോത്സവത്തില്‍ 14 നാണ് സജ്‌ല സലീം, സഹോദരി സജ്‌ലി സലീം എന്നിവരുടെ ഗാനമേള നടന്നത്.

Back to top button
error: