IndiaNEWS

നാഗർഹോളെയിൽ പുലിയുടെ വിളയാട്ടം, മൂന്നുദിവസത്തിനിടെ മൂന്നുപേരെ കൊലപ്പെടുത്തി, പിടികൂടി കൂട്ടിലടയ്ക്കാൻ വനംവകുപ്പ്

മൈസൂരു: മൂന്ന് ദിവസത്തിനിടെ മൈസൂരിൽ പൂലി കൊലപ്പെടുത്തിയത് മൂന്ന് പേരെ. നാഗർഹോളെ വനത്തിന് സമീപം പതിനെട്ടുകാരി മഞ്ജുവിനെയാണ് ഏറ്റവുമൊടുവിൽ പുലി കൊലപ്പെടുത്തിയത്. വിറക് ശേഖരിക്കാൻ പോയ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കർണാടക എച്ച്‌.ഡി. കോട്ട താലൂക്കിലെ അന്തർശന്ത ബെല്ലിഹഡി(വെള്ള)യിൽ ബി. കാള-പുഷ്‌പ ദമ്പതികളുടെ മകൾ മഞ്‌ജു(15)വാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌.
മാനന്തവാടി-മൈസൂർ റൂട്ടിൽ ബെല്ലിഹഡി ആനവളർത്തൽ കേന്ദ്രത്തിനു സമീപം ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. അടുത്തുള്ള മാസ്‌തമ്മ ക്ഷേത്രത്തിനുസമീപത്തേക്ക് കൂട്ടുകാരുമൊത്തു നടന്നുപോകുമ്പോൾ മഞ്‌ജുവിനെ പുലി പിടികൂടുകയായിരുന്നു. കൂട്ടുകാർ ഓടി രക്ഷപ്പെട്ടു. പുലി മഞ്‌ജുവിന്റെ ശരീരം 15 മീറ്ററോളം വനത്തിനുള്ളിലേക്കു വലിച്ചുകൊണ്ടുപോയി. നാട്ടുകാർ ബഹളമുണ്ടാക്കിയതോടെ മഞ്‌ജുവിനെ ഉപേക്ഷിച്ച്‌ പുലി ഉൾവനത്തിലേക്കു പോയി.
മഞ്‌ജുവിനെ എച്ച്‌.ഡി. കോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കേരള അതിർത്തിയിൽനിന്ന്‌ 10 കിലോമീറ്റർ അകലെയാണ്‌ ബെല്ലിഹഡി.
ശനിയാഴ്ച രാത്രി അഞ്ചാക്ലാസുകാരനെ പുലി കൊലപ്പെടുത്തിയിരുന്നു. രാത്രി വീടിന് സമീപത്തെ കടയിൽ ബിസ്‌ക്കറ്റ് വാങ്ങാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച പുലർച്ചെയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ അകലെ കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച നർസിപുരിലെ കനനായകനഹള്ളിയിൽ പുലിയുടെ ആക്രമണത്തിൽ സിദ്ധമ്മയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഈ പ്രദേശത്ത് മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മൂന്ന് ദിവസത്തിനിടെ മൂന്നുപേർ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ തിരച്ചിൽ നടപടികൾ ഊർജിതമാക്കി. പുലികളെ പിടികൂടാൻ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കാൻ വനം വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

Back to top button
error: