IndiaNEWS

ഇരട്ടസ്‌ഫോടനത്തില്‍ പതറാതെ രാഹുലിന്റെ ജോഡോ യാത്ര ജമ്മു കശ്മീരില്‍; കനത്ത സുരക്ഷ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. കനത്ത സുരക്ഷയിലാണ് കത്വ ജില്ലയിലെ ഹിരാനഗറില്‍ നിന്ന് രാവിലെ 7 ന് യാത്ര തുടങ്ങിയത്. ജമ്മു-പത്താന്‍കോട്ട് ഹൈവേ പോലീസിന്റെയും സി.ആര്‍.പി.എഫിന്റെയും നിയന്ത്രണത്തിലാണ്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാര്‍ റസൂര്‍ വാനിയും വര്‍ക്കിങ് പ്രസിഡന്റ് രാമന്‍ ഭല്ല ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാകയുമേന്തി രാഹുലിനൊപ്പം യാത്രയിലുണ്ട്.

25 കിലോമീറ്റര്‍ യാത്രയ്ക്കു ശേഷം രാത്രിയില്‍ ചക് നാനാക്കില്‍ വിശ്രമിക്കും. തുടര്‍ന്ന് തിങ്കളാഴ്ച സാംബയിലെ വിജയ്പൂരില്‍ നിന്ന് ജമ്മുവിലേക്ക് യാത്ര ആരംഭിക്കും. ജോഡോ യാത്ര സമാധാനപരമായി കടന്നുപോകാന്‍ കനത്ത സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Signature-ad

ജമ്മുവില്‍ ശനിയാഴ്ച ഉണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജോഡോ യാത്രയും റിപ്പബ്ലിക് ദിന പരിപാടികളും അലങ്കോലമാക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സ്‌ഫോടനമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

Back to top button
error: