മംഗളൂരു: മേഖലയിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന ലഹരിവേട്ടയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അറസ്റ്റിലായി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പതുപേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടര്‍മാരും ഇവിടെയുള്ള മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുമാണ് പിടിയിലായത്.
മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയും മലയാളിയുമായ സൂര്യജിത്ത് ദേവ് (20), മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. വിദൂഷ് കുമാര്‍ (27), ഡല്‍ഹി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ശരണ്യ (23), കര്‍ണാടക സ്വദേശി ഡോ. സിദ്ധാര്‍ഥ് പവസ്‌കര്‍ (29), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി പ്രണയ് നടരാജ് (24), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ മിഡ്ഢ (27) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ മംഗളൂരുവിലെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തുന്ന പരിശോധനയില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായി. ഈ മാസം എട്ടിനാണ് ആദ്യത്തെ അറസ്റ്റ് നടന്നത്. മെഡിക്കല്‍ കോളജുകളില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയ ആളെ അറസ്റ്റ് ചെയ്തതോടെയാണ് പരിശോധന പോലീസ് വ്യാപിപ്പിച്ചത്.