ശൗര്യം ചോരാതെ പി.ടി 7, ഇടിച്ചൊതുക്കി ലോറിയിൽ കയറ്റി കോന്നി സുരേന്ദ്രൻ, വനം വകുപ്പിന്റെ ദൗത്യം രണ്ടാംഘട്ടം വിജയം!
കാടും നാടും വിറപ്പിച്ച കൊമ്പൻ പിടി 7നെ ഇടിച്ചൊതുക്കി ലോറിയിൽ കയറ്റി കോന്നി സുരേന്ദൻ! രണ്ടുതവണ മയക്കുവെടിയേറ്റിട്ടും ചോരാത്ത ശൗര്യവുമായി ചെറുത്തുനിന്ന കാട്ടുകൊമ്പനെ തന്റെ കരുത്തുകൊണ്ട് കീഴടക്കിയ കോന്നി സുരേന്ദ്രനും മനക്കരുത്തുതെളിയിച്ച് ഒപ്പംനിന്ന പാപ്പാൻ വൈശാഖനും വനംവകുപ്പിന്റെ മാനം കാത്തു. താപ്പാനകളായ ഭരതനും വിക്രമും സുരേന്ദന് കട്ട പിന്തുണയുമായി ഒപ്പംനിന്നു. കേരള വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യത്തിനാണു ധോണിക്കാടുകൾ സാക്ഷ്യം വഹിച്ചത്. 75 വനംവകുപ്പ് ജീവനക്കാരാണ് ദൗത്യത്തിൽ പങ്കാളിയായത്.
ദിവസങ്ങളായി ദൗത്യസംഘത്തെ കബളിപ്പിച്ച് കാട്ടിൽ വിഹരിച്ച പി.ടി 7നെ രാവിലെ ഏഴിനും 7.15നും ഇടയിലാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയ വെടിവച്ചത്. മയങ്ങിനിന്ന ആനയുടെ കാലുകളിൽ വടംകൊണ്ടു ബന്ധിക്കുകയും കണ്ണുകൾ മൂടുകയും ചെയ്തു. തുടർന്ന് ക്യാമ്പിലേക്കു കൊണ്ടുപോകാനുള്ള ലോറി ഏറെ പണിപ്പെട്ട് ആന നിന്ന സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്തു. മയക്കുവെടിയുടെ ആലസ്യം പൂർണമായി വിട്ടൊഴിയും മുമ്പ് ആനയെ ലോറിയിൽ കയറ്റാൻ ശ്രമം തുടങ്ങി. താപ്പാനകളായ വിക്രമും ഭരതനും ഇരുവശത്തും സുരേന്ദൻ പിന്നിൽനിന്ന് തള്ളിയും കാട്ടാനയെ ലോറിക്കരികിലെത്തിച്ചു. അതിനിടയിൽ താപ്പാനകളെ ആക്രമിക്കാൻ പിടി 7 ശ്രമിച്ചതു പരിഭ്രാന്തിയുണ്ടാക്കി. ലോറിയിൽ കയറ്റാൻ കൂട്ടാക്കാതെ പി.ടി. 7 നിലയുറപ്പിച്ചതോടെ ദൗത്യം നീണ്ടു. പല തവണ ലോറിയിൽ കയറിയെങ്കിലും പി.ടി. 7 തിരിച്ചിറങ്ങിയതോടെ കോന്നി സുരേന്ദനും പിടിപ്പതു പണിയായി.
വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് സുരേന്ദ്രനും പാപ്പാൻ വൈശാഖനും പിന്നിൽനിന്ന് ഇടിച്ചൊതുക്കിയതോടെ പി.ടി 7ന്റെ ശൗര്യം ചോർന്നു. ഇരുവശത്തുനിന്നും ഭരതനും വിക്രമും കട്ട സപ്പോർട്ടുകൂടി നൽകിയതോടെ പി.ടി7 ലോറിയിൽ കയറി. വനത്തിനുള്ളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ ധോണിയിൽ പി.ടി 7നായി ഒരുക്കിയിരിക്കുന്ന കൂട്ടിനടുത്ത് എത്താനാകൂ. അവിടെ എത്തിയാലും ലോറിയിൽനിന്ന് ഇറക്കി കൂട്ടിൽ കയറ്റുകയെന്ന ശ്രമകരമായ ദൗത്യവും വനംവകുപ്പിന്റെ മുന്നിലുണ്ട്.