ന്യൂഡൽഹി: ലൈംഗികാരോണപങ്ങൾക്കും സമരങ്ങൾക്കും പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുമെന്ന് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ പുതിയതായി നിയോഗിച്ച മേൽനോട്ട സമിതി ഉടൻ ഏറ്റെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
താരങ്ങളുടെ റാങ്കിങ് മത്സരം റദ്ദാക്കാനും മത്സരാർഥികളിൽ നിന്ന് ഈടാക്കിയ പ്രവേശനഫീസ് തിരിച്ചുനൽകാനും നിർദേശിച്ചിട്ടുണ്ട്. സംഘടനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ മന്ത്രാലയം നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ഗുസ്തി താരങ്ങൾ ആരോപിച്ച ഫെഡറേഷനിലെ ക്രമക്കേടുകളും ലൈംഗികാതിക്രമ ആരോപണങ്ങളും അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെയാണ് കായികതാരങ്ങളുടെ സമരം വെള്ളിയാഴ്ച രാത്രി പിൻവലിച്ചത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും പരിശീലകർക്കുമെതിരെയാണ് താരങ്ങൾ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത്. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്നും മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കിയിരുന്നു.
അതേസമയം, താരങ്ങളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒളിമ്പിക് അസോസിയേഷനും അന്വേഷണത്തിന് ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ലൈംഗികാതിക്രമപരാതികൾ അന്വേഷിക്കാൻ ഫെഡറേഷന് അഞ്ചംഗ സമിതിയുണ്ടെന്ന് ഫെഡറേഷൻ കേന്ദ്രത്തിന് നൽകിയ വിശദീകരണത്തിൽ പറഞ്ഞു. പ്രതിഷേധിച്ച താരങ്ങളിൽ നിന്ന് പരാതികിട്ടിയിട്ടില്ല.