KeralaNEWS

താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാതെ ഇടുക്കി മെഡിക്കല്‍ കോളജ്; ഡോക്ടര്‍മാരുടെ പ്രധാന ജോലി ചികില്‍സയ്ക്കെത്തുന്നവരെ കോട്ടയത്തേക്ക് റഫർ ചെയ്യുക!

ഇടുക്കി: ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാതെയാണ് ഇടുക്കി മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. പ്രതിദിനം ആയിരത്തിലധികം രോഗികൾ ചികിത്സക്കായെത്തുന്ന ആശുപത്രിയിൽ കാർഡിയോളജിയടക്കം ഏഴ് സപെഷ്യാലിറ്റി വിഭാഗങ്ങളിൽ ഡോക്ടർമാർ ആരുമില്ല. ചികിൽസ തേടിയെത്തുന്നവരെ 100 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കലാണ് ഡോക്ടർമാരുടെ ഇപ്പോഴത്തെ പ്രധാന ജോലി.

ഇടുക്കി ജില്ലാ ആശുപത്രിയെ 2014ലാണ് മെഡിക്കൽ കോളേജായി ഉയർത്തുന്നത്. 5 വർഷത്തിനുള്ളിൽ മുഴുവൻ വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം. സ്വകാര്യ ആശുപത്രികളേക്കാൾ മികച്ച ആധുനിക സംവിധാനങ്ങളുള്ള ഉപകരണങ്ങൾ ഇതൊക്കെയായിരുന്നു സർക്കാർ വാഗ്ദാനം. വർഷം ഒൻപതായി. 61 ഡോക്ടർമാർ വേണ്ടിടത്ത് ഉള്ളത് 27 മാത്രം. കാർഡിയോളജി, ന്യൂറോളജി, ഓങ്കോളജി, യൂറോളജി, നെഫ്രോളജി, ത്വക് രോഗം എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരില്ല. സാധാരണ എല്ലാ മെഡിക്കൾ കോളേജ് ആശുപത്രിയിലുള്ള എമർജൻസി വിഭാഗം പോലും ഇടുക്കിയിലില്ല. അത്യാഹിത വിഭാഗത്തിലുള്ളത് 5 ഡോക്ടർമാർ മാത്രമാണ്. അപകടം ഹൃദ്‌രോഗം തുടങ്ങിയ മൂലം അടിയന്തിര ചികിൽസക്കായി എത്തുന്നവരെ പോലും 100 കിലോമീറ്റർ അകലെയുള്ള കോട്ടയത്തേക്ക് പറഞ്ഞയക്കുന്നു. ഫലം പലരുടെ മരണവും.

നേഴ്സുമാരുടെ എണ്ണത്തിൽ 60 ശതമാനത്തോളമാണ് കുറവ്. എക്സ്റേ ഉൾപ്പെടെ എല്ലായിടത്തും ടെക്നീഷ്യൻമാർ പകുതിയിൽ താഴെ. ഇനി ആംബുലൻസുകളുടെ കാര്യമാണെങ്കിൽ ആറ് വേണ്ടിടത്ത് ഉള്ളത് രണ്ടെണ്ണം മാത്രമാണ്. എല്ലാ സ്പെഷ്യാലിറ്റി വിഭാഗത്തിലും എമർജൻസി മെഡിസിനിലും ഡോക്ടർമാരുടെ സേവനം ഉടൻ തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. നേഴ്സുമാരും മറ്റ് പാരാ മെഡിക്കൽ ജീവനക്കാരുമില്ലാതെ ഡോക്ടർമാർ മാത്രമെത്തിയാൽ എന്തു പ്രയോജനമെന്നാണ് ആശുപത്രി വികസന സമിതിയുടെ ചോദ്യം.

Back to top button
error: