KeralaNEWS

അധ്യാപകരുടെ ശമ്പള കുടിശിക: പീരുമേട് മാർ ബസേലിയോസ് എൻജിനിയറങ് കോളജിന് തിരിച്ചടി; ആറു മാസത്തിനുള്ളിൽ നൽകണമെന്ന് ഹൈക്കോടതി

ഇടുക്കി: പീരുമേട് മാർ ബസേലിയോസ് എൻജിനിയറങ് കോളജിലെ മൂന്ന് അധ്യാപകർക്ക് കോളജിൽനിന്ന് ലഭിക്കാനുള്ള ശമ്പള കുടിശികയായ എഴുലക്ഷത്തോളം രൂപ ആറു മാസത്തിനുള്ളിൽ നൽകണമെന്ന് ഹൈക്കോടതി. യൂണിവേഴ്‌സിറ്റിക്കും ഹയർ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിനും പരാതിക്കാരായ അധ്യാപകർക്കുമെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ചു റിട്ട് ഹർജിയിലായിരുന്നു കോടതിയുടെ വി​ധി. 2022 ജൂൺ 20-നാണ് മാർ ബസേലിയോസ് കോളജിലെ മൂന്ന് അധ്യാപകർ ശമ്പള കുടിശിക ലഭിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പരാതി നൽകിയത്. ഏകദേശം എഴുലക്ഷത്തോളം രൂപയായിരുന്നു ഇവർക്ക് ശമ്പള കുടിശികയായി ലഭിക്കാനുണ്ടായിരുന്നത്.

അധ്യാപകരുടെ പരാതി പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് 2022 ജൂലൈ 4-ന് ഹയർ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ക്യാംബറിൽ ഹിയറിംഗിനായി ഇരു വിഭാഗത്തേയും വിളിപ്പിച്ചു. കോളജിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ലഭിക്കാനുള്ള മിച്ച ശമ്പളത്തിന്റെ മുഴുവൻ തുകയും 4 തുല്യ തവണകളായി സ്വീകരിക്കാൻ അധ്യാപകർ സമ്മതിച്ചു. എന്നാൽ ഉന്നത വിദ്യാഭ്യാസ ഹിയറിംഗിനോട് കോളേജ് അധികൃതർ യാതൊരു രീതികളിലും പ്രതികരിക്കുകയോ മറുപടി കൊടുക്കുകയോ ചെയ്തില്ല.

തുടർന്ന് പരാതികൾ തീർപ്പാക്കാൻ കോളജ് അധികൃതരെ വിളിച്ചുവരുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സർവകലാശാല രജിസ്ട്രാറോട് അഭ്യർത്ഥിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർവ്വകലാശാല ഒക്ടോബർ 7ന് ഓഫ്‌ലൈൻ ഹിയറിംഗ് നടത്തി. ഇരു കക്ഷികളുടേയും നേരിട്ടുള്ള മൊഴി എടുത്തതിന് ശേഷം, സർവ്വകലാശാല ഉത്തരവ് പുറപ്പെടുവിച്ചു കുടിശ്ശിക തുകകൾ 2022 ഡിസംബർ 10നോ അതിനുമുമ്പോ വിതരണം ചെയ്യണമെന്ന് സർവകലാശാല നിർദ്ദേശിച്ചിരുന്നു.

10.12.2022-നോ അതിനുമുമ്പോ തുക മുഴുവനായും അടച്ചാൽ, ക്ലെയിം ചെയ്ത പലിശ പരാതിക്കാർക്ക് നൽകേണ്ടതില്ലെന്നും സർവകലാശാല കൂട്ടിച്ചേർത്തു. 10.12.2022-നോ അതിനുമുമ്പോ മുഴുവൻ തുകയും ഒരുമിച്ചോ ഗഡുക്കളായോ അടയ്ക്കുന്നതിൽ കോളേജ് അധികൃതർ പരാജയപ്പെട്ടാൽ, കോളജ് അധികാരികളുടെ ബാധ്യതയായി ഈ തുകയെ പ്രഖ്യാപിക്കാനും അഫിലിയേഷൻ സമയത്ത് കോളേജ് അംഗീകരിച്ച നിബന്ധനകളുടേയും വ്യവസ്ഥകളുടേയും ലംഘനമായതിനാൽ തുടർ നടപടിയെന്നോണം കോളേജിന്റെ അംഗീകാരം നിർത്തലാക്കുമെന്നും മേൽനടപടികൾ സ്വീകരിക്കുമെന്നും സർവകലാശാല അധികൃതർ കോളേജ് അധികൃതരെ അറിയിച്ചു.

എന്നാൽ യൂണിവേഴ്സിറ്റിയിലേക്ക് കുടിശിക ശമ്പളം തിരിച്ചടയ്ക്കാനുള്ള യാതൊരു മേൽനടപടികളും കോളജ് അധികൃതർ സ്വീകരിച്ചില്ല. തുടർന്നാണ് അധ്യാപകർ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിക്ക് മറ്റൊരു പരാതിയും നൽകി. ഇതി​ന്റെ അടിസ്ഥാനത്തിൽ കോളജ് അധികാരികൾക്കെതിരെ നിയമനടപടികൾ ആരംഭിക്കാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്‌സിറ്റിക്ക് കത്ത് സമർപ്പിച്ചു. യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടിന്റെയും ആക്ടിന്റെയും വ്യവസ്ഥകളിലെ പ്രത്യേകമായ അധികാരം ഉപയോഗപ്പെടുത്തിക്കൊണ്ട് കോളജ് അധികാരികൾക്കെതിരെ മേൽനടപടികൾ സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്‌സിറ്റിയോട് നിർദ്ദേശിച്ചു.

കുടിശ്ശിക ശമ്പളം നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നതോടൊപ്പം കോളജ് മേൽപ്പറഞ്ഞ ഉത്തരവുകളെ ചലഞ്ച് ചെയ്തുകൊണ്ട് യൂണിവേഴ്‌സിറ്റിക്കും ഹയർ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിനും പരാതിക്കാരായ അധ്യാപകർക്കുമെതിരേ കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. എന്നാൽ കോടതി ഹിയറിങ്ങിന് ശേഷം റിട്ട് ഹർജിയിലെ കോളജിന്റെ അവകാശവാദങ്ങൾ തള്ളുകയും വിധി പ്രഖ്യാപനം നടന്ന തീയ്യതി മുതൽ ആറു മാസക്കാലയളവിനുള്ളിൽ ശമ്പള കുടിശ്ശിക ഒരുമിച്ചോ വിവിധ ഗഡുക്കളായോ കോളേജ് കൊടുത്ത് തീർക്കണമെന്ന വിധി പ്രസ്താവിച്ചത്. അധ്യാപകർക്ക് വേണ്ടി അഡ്വ. ശ്രീറാം പാറക്കാട്ട്, അഡ്വ. ഹന്ന മഡോണ എന്നിവർ ഹാജരായി.

Back to top button
error: