ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദുൽഖർ സൽമാൻ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
‘വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പർശിയായ പ്രകടനങ്ങളുമായി നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ. ഏറ്റവും മനോഹരമായ റിവ്യുകൾ കേൾക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ ചിന്തകൾ പങ്കിടുക’, എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് കമന്റുകൾ രേഖപ്പെടുത്തി.
മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷ് ആണ്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കാതൽ ആണ് അടുത്തിടെ ഷൂട്ടിംഗ് കഴിഞ്ഞ മമ്മൂട്ടി ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.