ഇത് ‘ജിൻസിയുടെ അമ്മയുടെ മധുരപ്രതികാരം’; തോറ്റു പോയ കണക്കും രസതന്ത്രവും എഴുതി പത്താം ക്ലാസ് ജയിച്ച് നടി ലീന ആന്റണി
ഇത് മഹേഷിന്റെ പ്രതികാരമല്ല, മഹേഷിനെ വീഴ്ത്തിയ ജിൻസിയുടെ അമ്മയുടെ മധുരപ്രതികാരം; തോറ്റു പോയ കണക്കും രസതന്ത്രവും എഴുതി പത്താം ക്ലാസ് ജയിച്ച് നടി ലീന ആന്റണി, അതും തന്റെ 73-ാം വയസിൽ. വർഷങ്ങളായി നാടകങ്ങളിലുൾപ്പെടെ അഭിനയ രംഗത്തുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ജിൻസി എന്ന അപർണ ബാലമുരളിയുടെ കഥാപാത്രത്തിന്റെ അമ്മ വേഷമാണ് ലീനാമ്മച്ചിയെ ശ്രേദ്ധേയയാക്കിയത്.
ഭർത്താവും നടനുമായ കെഎൽ ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് ലീന പഠനം തുടരാൻ തീരുമാനിച്ചത്. തൈക്കാട്ടുശ്ശേരി ഉളവയ്‌പ്പിൽ വീടിനടുത്തുള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്. മകൻ ലാസർ ഷൈനും മരുമകൾ അഡ്വ. മായാകൃഷ്ണനുമാണ് പത്താംതരം പരീക്ഷയ്ക്കുള്ള വഴിയൊരുക്കിയത്.
ഇനി പ്ലസ് വൺ തുല്യത എഴുതാനാണ് തീരുമാനം. കൂടാതെ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. മൂന്ന് മാസമായി കലാമണ്ഡലം അശ്വതിയുടെ കീഴിൽ കൂടിയാട്ടവും പരിശീലിക്കുന്നുണ്ട്. ലീനയുടെ സന്തോഷത്തിൽ പങ്കുചേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദനം അറിയിച്ചിരുന്നു. ‘സേ പരീക്ഷ റിസൾട്ട് വന്നു. ശ്രീമതി ലീന ആന്റണി പത്താം ക്ലാസ് വിജയിച്ചു. മുതിർന്നവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സ് വഴി തുടർപഠനസൗകര്യം ഒരുക്കിയതിലൂടെയാണ് ശ്രീമതി ലീന ആന്റണി പത്താം ക്ലാസിൽ വിജയിക്കാനായത്. സന്തോഷം, അഭിമാനം…ശ്രീമതി ലീന ആന്റണിയ്ക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ’- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.