മൂന്നാര്‍: മൂന്നാറിലെ കാട്ടുകൊമ്പന്‍ ‘പടയപ്പ’യെ വിരട്ടിയ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വനംവകുപ്പിന് ലഭിച്ച സൂചന.
മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്‌റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന്‍ ദാസ് എന്നു വിളിക്കുന്ന ചുടലെ(42)ക്ക് എതിരെ വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജാ ആണ് കേസെടുത്തത്. ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വന്യമൃഗങ്ങളെ വിരട്ടുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വന്യജീവിസംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങളെ വിരട്ടുന്നതും ആക്രമിക്കാനൊരുങ്ങുന്നതും ഒരു ലക്ഷം രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.