CrimeNEWS

രോഗിയുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറില്ല, സുരക്ഷ ജീവനക്കാരന് മര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: ആശുപത്രിയിലെ സുരക്ഷ ജീവനക്കാരന് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫിലിപ്പ് എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബത്തേരി തിരുനെല്ലി സ്വദേശി താഴത്തേതില്‍ രാഹുല്‍ (23) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയുടെ ഇടതു വശത്ത് മര്‍ദ്ദനമേറ്റ ഫിലിപ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു രോഗിക്ക് ഒപ്പമെത്തിയതായിരുന്നു അറസ്റ്റിലായ രാഹുല്‍. 11 മണിയോടെ എത്തിയെങ്കിലും ഈ സമയം ഒ.പി. വിഭാഗത്തില്‍ ഡോക്ടറില്ലായിരുന്നു. അഡ്മിറ്റ് ചെയ്ത് മറ്റൊരു രോഗിയെ നോക്കാന്‍ ഡോക്ടര്‍ പോയിരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടര്‍ ഉടനെ വരണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ബഹളം വെയ്ക്കുകയായിരുന്നു. പിന്നീട് അവിടെ സുരക്ഷ ജോലിയിലുണ്ടായിരുന്ന ഫിലിപ്പിനെ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ആയിയിരുന്നെന്നാണ് ഇദ്ദേഹം പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രേഖാമൂലമുള്ള പരാതി ലഭിച്ചതോടെ സുല്‍ത്താന്‍ ബത്തേരി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മര്‍ദ്ദനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. സുരക്ഷ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് അനുസൃതമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. ആവശ്യത്തിനുള്ള ഡോക്ടര്‍മാരോ നഴ്സ് അടക്കമുള്ള മറ്റു ജീവനക്കാരോ ആശുപത്രിയില്ലാത്തതിനാല്‍ ഒ.പി അടക്കമുള്ള വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ ബാധിക്കുന്നുണ്ട്. ജില്ലയിലെ തന്നെ പ്രധാന ആശുപത്രികളില്‍ ഒന്നായിട്ട് പോലും അധികൃതരുടെ മതിയായ ശ്രദ്ധ ആശുപത്രിക്ക് ലഭിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉണ്ട്. ദിവസവും നൂറുകണക്കിനാളുകള്‍ ഒ.പി സേവനം ഉപയോഗിക്കുന്ന ഒരിടം കൂടിയാണ് സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി.

 

Back to top button
error: