കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നഷ്ടമായതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി സി.പി.എം അംഗം ബിനു പുളിക്കക്കണ്ടം. ഇനി പോരാട്ടത്തിന്റെ നാളുകളാണെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. അതേസമയം, കറുത്ത ഷര്‍ട്ട് ധരിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പിനായി നഗരസഭയിലെത്തിയത്. എന്നാല്‍, പ്രതിഷേധത്തിന്റെ ഭാഗമായല്ല കറുത്ത ഷര്‍ട്ട് ധരിച്ച എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തമായ എതിര്‍പ്പിനു പിന്നാലെയാണ് ബിനുവിനെ മാറ്റാന്‍ സി.പി.എം. തീരുമാനിച്ചത്. ഇടതു സ്വതന്ത്ര ജോസിന്‍ ബിനുവാണ് സി.പി.എമ്മിന്റെ പുതിയ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ തിരുമാനം അംഗീകരിക്കുന്നെന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കുമെന്നും ബിനു കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു എന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വ്യാഴാഴ്ച രാവിലെ 11 മണിക്കു ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”പാര്‍ട്ടി തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നു. ചിലകാര്യങ്ങള്‍ തുറന്നുപറയാനുണ്ട്. അത് തെരഞ്ഞെടുപ്പിന് ശേഷം തുറന്നുപറയും. അന്തര്‍നാടകങ്ങള്‍ ഉണ്ടായി. ചിലര്‍ക്ക് രണ്ട് മുഖം, നസ്രത്തില്‍ നിന്നും നന്മ പ്രതീക്ഷരുതെന്ന് കേട്ടിട്ടുണ്ട്, അതിനാല്‍ ഞാന്‍ നന്മ പ്രതീക്ഷിച്ചിരുന്നില്ല. കയ്യാങ്കളിയുടെ വീഡിയോ ബോധപൂര്‍വം പ്രചരിപ്പിച്ചു. എന്നെ ആദ്യമെ ഉപദ്രവിക്കുന്നത് ലോകം കണ്ടതാണ്, അടിസ്ഥാനപരമായി ഞാനൊരു പാലാക്കാരനാണ്. അടികൊണ്ട് വീട്ടില്‍ പോകുന്ന പരിപാടി ഇല്ല, സ്വാഭാവിക പ്രതികരണമാണത്”- ബിനു പുളിക്കകണ്ടം പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ പാലാ നഗരസഭയുടെ സി.പി.എം ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കാതിരുന്നത്.