കോഴിക്കോട്: ബേപ്പൂരില്‍ അതിഥിതൊഴിലാളിയുടെ വെട്ടിപ്പരുക്കേല്പിച്ച് പണംകവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ഖാദര്‍ (42), ബേപ്പൂര്‍ പൂന്നാര്‍വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (33) എന്നിവരാണ് പിടിയിലായത്. ബേപ്പൂര്‍ പോലീസ് സംഘവും കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഷാഹുല്‍ ഈയിടെയാണ് ജയില്‍ മോചിതനായത്.തുടര്‍ന്ന് മറ്റൊരാളെ കൂടെ കൂട്ടാളിയാക്കിയാണ് കവര്‍ച്ച നടത്തിയത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായിട്ടുള്ള ഷാഹുല്‍ ഹമീദ് കഴിഞ്ഞ വര്‍ഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.
ഷാഹുലിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചെങ്കിലും പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.