KeralaNEWS

അണക്കെട്ടിന്റെ പിറകില്‍ മറ്റൊരു അണക്കെട്ട് പണിത ചരിത്രമില്ല; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പ്രായോഗികമല്ലെന്ന് മുന്‍ സമരസമിതി ചെയര്‍മാന്‍

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം പ്രായോഗികമല്ലെന്നും, തമിഴ്‌നാട്ടില്‍ നടക്കുന്ന വിവിധ ടണല്‍, കനാല്‍ പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കൂടുതല്‍ ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുകയാണ് ഏക പരിഹാരമെന്നും മുന്‍ മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ സി.പി. റോയി.

കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുല്ലപ്പെരിയാറിലെ വെള്ളം നേരിട്ട് മധുരയിലെത്തിക്കാന്‍ തമിഴ്‌നാട്ടില്‍ ടണല്‍ നിര്‍മാണം നടക്കുകയാണ്. ഈ പദ്ധതി പൂര്‍ത്തിയാവുന്നതോടെ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം തമിഴ്‌നാട് കൊണ്ടുപോവും. ഇങ്ങനെ ജലനിരപ്പ് താഴത്തി അണക്കെട്ട് സുരക്ഷിതമായി നിലനിര്‍ത്തുകയെന്നതാണ് പ്രശ്‌നത്തിനുള്ള ഏക പോം വഴി. മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ചുള്ള ന്യൂ വൈഗൈ അണക്കെട്ട്, രായപ്പട്ടി അണക്കെട്ട്, രാമനാഥപുരത്തും, ശിവഗംഗയിലും ഓരോ ചെറിയ അണക്കെട്ടുകള്‍ എന്നിവ തമിഴ്‌നാടിന്റെ സജീവ പരിഗണനയിലാണ്. ഇവ നിര്‍മിച്ചാല്‍, 1978-ല്‍ സെന്‍ട്രെല്‍ വാട്ടര്‍ കമ്മീഷന്‍ 16 അടി ജലനിരപ്പ് താഴ്ത്തി ആദ്യ പാര്‍ഷ്യല്‍ ഡീ കമ്മീഷനിങ് നടത്തിയത് പോലെ വീണ്ടും പത്തോ ഇരുപതോ അടി ജലനിരപ്പ് കുറച്ച് മറ്റൊരു പാര്‍ഷ്യല്‍ ഡീകമ്മീഷനിങ് സാധ്യമാണ്. തമിഴ്‌നാടിന്റെ അനുമതിയില്ലാതെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം നിലനില്‍ക്കില്ല. നിലവിലുള്ള അണക്കെട്ടിന്റെ പിറകില്‍ മറ്റൊരു അണക്കെട്ട് കെട്ടിയ ചരിത്രം ലോകത്തിലില്ല. 2014 മേയ് ഏഴിന് സുപ്രീംകോടതിയുടെ ഫുള്‍ ബെഞ്ച് വിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് കേരളം ചെയ്യേണ്ടത്. ഇതിന് അനുകൂലമായ രാഷ്ര്ടീയ സാഹചര്യമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് നിലനില്‍ക്കുന്നതെന്നും റോയി പറഞ്ഞു.

Back to top button
error: