KeralaNEWS

നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചു; സന്ദര്‍ശക ഡയറില്‍ പ്രതിഷേധം രേഖപ്പെടുത്തി താരം, നടപടി വിവാദം ഭയന്നെന്ന് ട്രസ്റ്റ് ഭാരവാഹികള്‍

കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചു. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് തിങ്കളാഴ്ചയാണ് നടി ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍, ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ദര്‍ശനം നിഷേധിച്ചത്. തുടര്‍ന്ന് റോഡില്‍ നിന്ന് ദര്‍ശനം നടത്തി പ്രസാദവും വാങ്ങി അമല പോള്‍ മടങ്ങുകയായിരുന്നു.

ക്ഷേത്രത്തിലെ സന്ദര്‍ശക ഡയറിയില്‍ അമല തന്‍െ്‌റ പ്രതിഷേധം കുിറിച്ചിട്ടാണ് അമല മടങ്ങിയത്. ”2023 ആയിട്ടും ഇതുപോലെയുള്ള മതപരമായ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു എന്നതില്‍ ഞാന്‍ വളരെ ദുഃഖവും നിരാശയും അനുഭവിക്കുന്നു. എനിക്ക് ക്ഷേത്രത്തില്‍ കയറി ദേവിയെ കാണാന്‍ സാധിച്ചില്ലെങ്കിലും ഒരു അകലത്തില്‍ നിന്നുകൊണ്ടുതന്നെ ദേവിയുടെ ചൈതന്യം എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഉടന്‍തന്നെ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നും നീക്കം ചെയ്യപ്പെടും എന്നും നമ്മളെ എല്ലാവരെയും മനുഷ്യരായി കാണുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ കാണാതിരിക്കുകയും ചെയ്യുന്ന ഒരു നാള്‍ വരും എന്നു കരുതുന്നു” – ഇതായിരുന്നു അമല പോള്‍ ഡയറിയില്‍ എഴുതിയ വാക്കുകള്‍.

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പാര്‍വതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. 1991 മേയില്‍ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനു കീഴിലാണ് ഇപ്പോള്‍ ക്ഷേത്ര ഭരണം.

നിലവിലെ ആചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പിന്നീടു വിശദമാക്കി. ”ഇതരമത വിശ്വാസികള്‍ അമ്പലത്തില്‍ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാല്‍ ഒരു സെലിബ്രിറ്റി വരുമ്പോള്‍ അതു വിവാദമാകും. ഇത് മനസിലാക്കിയാണ് ഇടപെട്ടത്”- ട്രസ്റ്റ് സെക്രട്ടറി പ്രസൂണ്‍ കുമാര്‍ വ്യക്തമാക്കി.

ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്രഭരണത്തിനുവരെ അവസരം നല്‍കുന്നതിനെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുമെന്നും ആര്‍ വി ബാബു പറയുന്നു

Back to top button
error: