തിരുവനന്തപുരം: ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ റീ-ടെണ്ടർ ഉറപ്പിച്ചു. പ്രീ-ക്വാളിഫിക്കേഷനിൽ യോഗ്യത നേടിയ അഞ്ച് കരാറുകാരിൽ നിന്നും ഏറ്റവും കുറച്ച് ക്വോട്ട് ചെയ്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ ലഭിച്ചു. സെലക്ഷൻ നോട്ടീസ്, എഗ്രിമെന്റ് തുടങ്ങി മറ്റ് ഇതര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഈ മാസം തന്നെ റോഡ് നിർമ്മാണ പ്രവർത്തി പുനരാരംഭിക്കും എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
നേരത്തേ വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ നിർമ്മാണം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. റോഡിൻ്റെ നിലവിലെ അവസ്ഥയിൽ ഹൈക്കോടതി ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ.
2016-ൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 63.99 കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ പ്രസ്തുത റോഡ് നവീകരിക്കാൻ അനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടികളിലുണ്ടായ കാലതാമസം മൂലം പദ്ധതി നടപ്പിലാക്കാൻ സാധിക്കാതെ വന്നു. ഈ സാഹചര്യത്തിലാണ് റോഡിന്റെ ടാറിങ് പ്രവർത്തികൾക്കായി 19.90 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചതും. എന്നാൽ കരാറുകാരൻ ഉഴപ്പിയതോടെ നിർമാണം പാതി വഴിയിൽ നിലച്ചു. പ്രതികൂല കാലാവസ്ഥയും വില്ലനായി. യാത്ര കൊടിയ ദുരിതമായി മാറിയതോടെ ജനങ്ങൾ സമരത്തിനൊരുങ്ങുകയായിരുന്നു.