IndiaNEWS

തമിഴ് വികാരത്തെ മാനിച്ചില്ല, ഗവർണർ ആർ.എൻ. രവിയുടെ നടപടിയിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി

ചെന്നൈ: തമിഴ് വികാരത്തെ മാനിക്കാതെയുള്ള തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടികളിൽ ബി ജെ പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ദക്ഷിണേന്ത്യയിൽ വളർച്ചയ്ക്കുള്ള നീക്കങ്ങൾക്ക് ഗവർണറുടെ നടപടികൾ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം വിലയിരുത്തുന്നു. അതേസമയം ഡൽഹിയിലെത്തിയ ഗവർണ്ണർക്ക് ഇനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കാണാൻ അവസരം ലഭിച്ചിട്ടില്ല.

തമിഴ്നാട് നിയമമന്ത്രി എസ്. രഘുപതി, പാർലമെന്‍ററി പാർട്ടി നേതാവ് ടി ആർ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ദില്ലിയിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടിരുന്നു തമിഴ്നാട്ടിലെ അസാധാരണ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ‍ർ ആർ എൻ രവിയെ തിരികെ വിളിക്കണമെന്ന് ഇവർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ തയ്യാറാക്കി ഗവർണർ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം ഗവർണർ സഭയിൽ പൂർണമായി വായിക്കാത്തതും ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തതും സെഷൻ തീരും മുമ്പ് സഭവിട്ട് ഇറങ്ങിപ്പോയതും ഭരണഘടനാ തത്വങ്ങളുടെയും സഭാ നിയമങ്ങളുടെയും ലംഘനമാണെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഗവർണർ തുടർച്ചയായി ജനാധിപത്യവിരുദ്ധമായി പെരുമാറുകയാണെന്നും ഫെഡറൽ തത്വങ്ങൾ നഗ്നമായി ലംഘിക്കുകയാണെന്നും കാട്ടി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എഴുതിയ കത്തും സംഘം രാഷ്ട്രപതിക്ക് കൈമാറിയിരുന്നു.

Signature-ad

നിരവധി ബില്ലുകൾ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നു, തുടർച്ചയായി ഹിന്ദുത്വ അനുകൂല പ്രസ്താവനകൾ നടത്തുന്നു എന്നീ പരാതികളും ഗവർണർക്കെതിരായി ഡിഎംകെ സംഘം രാഷ്ട്രപതിയെ അറിയിച്ചു. ജനാധിപത്യത്തെ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്കാൻ നടത്തുന്ന നീക്കം ഒന്നായി ചെറുക്കണം എന്നാവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളുമായും ഡിഎംകെ നേതൃത്വം ആശയവിനിമയം നടത്തി. ഡിഎംകെ സഖ്യത്തിലേയും യുപിഎയിലേയും മിക്ക കക്ഷികളും ഇക്കാര്യത്തിൽ ഇതിനകം ഡിഎംകെയെ പിന്തുണ അറിയിച്ചിട്ടുണ്ട്.

Back to top button
error: