ചെന്നൈ: പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ അടിയന്തരവാതില്‍ തുറന്നത് ബി.ജെ.പി. യുവനേതാവ് തേജസ്വി സൂര്യ എം.പിയെന്ന് ആരോപണം. ചെന്നൈ വിമാനത്താവളത്തില്‍ ഡിസംബര്‍ 10-നായിരുന്നു സംഭവം.
ഇന്‍ഡിഗോ വിമാനത്തിന്റെ വാതില്‍തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ചത് കര്‍ണാടകത്തിലെ എം.പിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ആരോപിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് വ്യോമയാന അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോവാനൊരുങ്ങുകയായിരുന്ന വിമാനം നീങ്ങിത്തുടങ്ങുമ്പോഴായിരുന്നു വാതില്‍ തുറന്നത്.
യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അപകടമുണ്ടായാല്‍ അടിയന്തരവാതില്‍ തുറക്കേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ചും എയര്‍ ഹോസ്റ്റസ് വിശദീകരിച്ചുകഴിഞ്ഞപ്പോഴാണ് അടിയന്തരവാതിലിന്റെ സമീപമിരുന്ന തേജസ്വി സൂര്യ അത് തുറന്നത് എന്നാണ് ആരോപണം. ഉടന്‍തന്നെ യാത്രക്കാരെയെല്ലാം പുറത്തുള്ള ബസ്സിലേക്ക് മാറ്റി സുരക്ഷാഭടന്‍മാര്‍ പരിശോധന നടത്തി. രണ്ടുമണിക്കൂറുകഴിഞ്ഞാണ് വിമാനം സുരക്ഷിതമെന്ന് ഉറപ്പുവരുത്തി യാത്ര തുടങ്ങിയത്.
ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയ്‌ക്കൊപ്പമാണ് തേജസ്വി സൂര്യ വിമാനത്തില്‍ കയറിയതെന്ന് സഹയാത്രികര്‍ പറയുന്നു. അബദ്ധം മനസ്സിലായപ്പോള്‍ അദ്ദേഹം ക്ഷമാപണം നടത്തി. വിമാനാധികൃതര്‍ അത് എഴുതിവാങ്ങിച്ചു. തേജസ്വി സൂര്യയെ മറ്റൊരു സീറ്റിലേക്ക് മാറ്റിയശേഷമാണ് യാത്ര പുനരാരംഭിച്ചത്. അദ്ദേഹത്തിനെതിരേ മറ്റുനടപടിയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.
സംഭവംനടന്ന് ഒരു മാസത്തിനുശേഷം ചൊവ്വാഴ്ചയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) ഇത് സ്ഥിരീകരിക്കുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും. വാതില്‍ തുറന്ന യാത്രക്കാരന്റെ പേരുവിവരം ഡി.ജി.സി.എ.യോ ഇന്‍ഡിഗോ അധികൃതരോ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് തേജസ്വി സൂര്യ പ്രതികരിച്ചില്ല.