കൊച്ചി: കര്‍ണാടകയിലെ ക്വാറി പണമിടപാടില്‍ 50 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ ഇന്നും ചോദ്യംചെയ്യും. എം.എല്‍.എയെ ഇ.ഡി ഓഫീസില്‍ ചൊവ്വാഴ്ച ഒന്‍പതു മണിക്കൂര്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ക്വാറി ഇടപാട് കൂടാതെ, സ്വര്‍ണ ഇടപാടുകള്‍, ആഫ്രിക്കയിലെ ബിസിനസ് സംബന്ധിച്ച വിവരങ്ങളും തേടിയതായാണു വിവരം. കൊച്ചി ഇ.ഡി ഓഫിസിലാണ് ചോദ്യംചെയ്യല്‍.
കര്‍ണാടക ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എന്‍ജിനീയറില്‍ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നല്‍കാതെ വഞ്ചിച്ചെന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്.
സംഭവത്തില്‍ തിങ്കളാഴ്ചയും പി.വി. അന്‍വറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അന്‍വര്‍ പ്രതിയായ ക്രഷര്‍ തട്ടിപ്പുക്കേസ് സിവില്‍ സ്വഭാവമുള്ളതാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി തള്ളി അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.