KeralaNEWS

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സിടി സ്കാനിംഗ് മെഷീനുകൾ തകരാറിൽ; മെഷീൻ വാങ്ങിയ ഇനത്തിൽ കുടിശിഖയുള്ളതിനാൽ തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന് കമ്പനി അധികൃതർ, രോഗികൾ വലയുന്നു

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് സിടി സ്കാനിംഗ് മെഷീനുകൾ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാത്തത് രോഗികളെ വലയ്ക്കുന്നു. അത്യാഹിത വിഭാഗത്തിലെയും കാൻസർ വിഭാഗത്തിലെയും സി ടി സ്കാനിംഗ് മെഷീനുകളാണ് തകരാറിലായത്. മെഷീൻ തകരാറിലായ വിവരം കമ്പനി അധികൃതരെ അറിയിച്ചു. എന്നാൽ മെഷീൻ വാങ്ങിയ ഇനത്തിൽ കമ്പനിക്ക് ലഭിക്കുവാനുള്ള കുടിശിഖ നൽകാത്തതു കൊണ്ടാണ് തകരാർ പരിഹരിക്കുവാൻ തങ്ങൾ എത്തിച്ചേരാത്തതെന്ന് കമ്പനി പ്രതിനിധികൾ ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുകയാണ്. നാലുവർഷം മുൻപ് 22 കോടി രൂപാ മുടക്കി വിവിധ മെഷീനുകൾ വാങ്ങിയ ഇനത്തിൽ ഒരു കോടി രൂപാ മാത്രമാണ് കമ്പനിക്ക് നൽകുവാനുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ഞായറാഴ്ച അർദ്ധരാത്രിക്കു ശേഷമാണ് അത്യാഹിതവിഭാഗത്തിലെ മെഷീൻ കേടായത്. ഒരാഴ്ച മുമ്പാണ് കാൻസർ വിഭാഗത്തിലെ മെഷീൻ തകരാർ സംഭവിച്ചത്. രണ്ടു മെഷീനുകളും തകരാറിലായതിനെ തുടർന്ന് രോഗ നിർണ്ണയ നടത്തി യഥാസമയം ചികിത്സയ്ക്കു വിധേയരാകുവാൻ കഴിയാതെ രോഗികൾ വലയുകയാണ്. ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നത് കാൻസർ വിഭാഗത്തിലെ രോഗികളാണ്. മെഡിക്കൽ കോളജിൽ സി റ്റി സ്കാനിംഗിന് ഈടാക്കുന്ന തുകയുടെ ഇരട്ടിയാണ് സ്വകാര്യ സ്ഥാപനങ്ങൾ വാങ്ങുന്നത്. അതിനാൽ നിർദ്ധനരായ പല രോഗികളും സി റ്റി സ്കാൻ എടുക്കുവാനാകാതെ ബുദ്ധിമുട്ടുകയാണ്. നാലുവർഷം മുമ്പാണ് 9 കോടി രൂപാ മുടക്കി അത്യാഹിത വിഭാഗത്തിലും കാൻസർ വിഭാഗത്തിലുമായി രണ്ട് സ്കാനിംഗ് മെഷീനുകളും രണ്ടു വർഷം മുൻപ് 5.5 കോടി രൂപാ മുടക്കി അത്യാഹിതവിഭാഗത്തിൽ എം ആർ ഐ മെഷീനും 4 കോടി വീതം രൂപാ ചെലവഴിച്ച് സി എസ് എ മെഷീനും കാർഡിയോളജി വിഭാഗത്തിലേയ്ക്ക് ആൻജിയോഗ്രാം മെഷീനും വാങ്ങുകയുണ്ടായി.

Signature-ad

കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ എം എസ് സി എൽ) മുഖേനയാണ് മെഷീനുകൾ വാങ്ങിയത്. ഈ ഇനത്തിൽ കമ്പനിക്ക് ഒരു കോടി രൂപാ കൂടി സർക്കാർ നൽകുവാനുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കോവിഡിൻ്റെ പേര് പറഞ്ഞാണ് സർക്കാർ പണം നല്കാതിരുന്നതെന്ന് കമ്പനി പ്രതിനിധികൾ പറയുന്നു. ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തിലെ മെഷീൻ തകരാറിലായ വിവരം പറയുവാൻ കമ്പനി പ്രതിനിധിയെ വിളിച്ചപ്പോഴാണ് മെഷീൻ സ്ഥാപിച്ച ഇനത്തിലുള്ള കുടിശിഖയെ സംബന്ധിച്ച് അറിയുന്നത്. സർക്കാർ കുടിശിഖ തീർത്തെങ്കിൽ മാത്രമേ മെഷീനുകളുടെ തകരാർ പരിഹരിക്കുവാൻ തങ്ങൾ എത്തുകയെന്ന നിലപാടിൽ ഉറച്ച നിലപാടിലാണ് കമ്പനി പ്രതിനിധികൾ. ഇതു മെഡിക്കൽ കോളേജിലെത്തുന്ന നിർദ്ധനരായ രോഗികളെയാണ് ഏറെ വലയ്ക്കുന്നത്.മാനുഷിക പരിഗണന വച്ചെങ്കിലും മെഷീനുകൾ നന്നാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ബന്ധുക്കൾക്ക് അപേക്ഷിക്കുവാനുള്ളത്.

Back to top button
error: