
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം നാളെ ആരംഭിക്കും. രാജസ്ഥാന്‍ ആണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ മോഹന്‍ലാല്‍ പങ്കെടുക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ ഹൈപ്പ് ലഭിച്ച പ്രോജക്റ്റ് ആണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യല്‍ മീഡിയയിലെ ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രീകരണം 18 ന് ആരംഭിക്കുന്നതായ വിവരം ഇന്നലെയാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ ഈ ചിത്രം സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍.
#L Lastest Off To Rajasthan#MalaikottaiVaaliban Shoot Starts From Tomorrow 🤞#Mohanlal #LJP pic.twitter.com/TenE3UCcIS
— 💥Midhun V Panoor💥 (@Midhun2255) January 17, 2023
അതേസമയം ലിജോയുടെ ഏറ്റവും പുതിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ തിയറ്റര്‍ റിലീസ് ഈ വാരമാണ്. മമ്മൂട്ടിക്കൊപ്പം ലിജോ ആദ്യമായി ഒരുമിച്ച ചിത്രത്തിന്‍റെ പ്രീമിയര്‍ ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ വച്ചായിരുന്നു. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.