ന്യൂഡല്‍ഹി: ഒൻപത് സംസ്ഥാനങ്ങളിലും ഭരണം പിടിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി. ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനു തുടക്കം. നിയമസഭാ – ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ ദേശീയ എക്സിക്യൂട്ടിവിന്റെ ആദ്യ ദിനത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ നിർദ്ദേശം. രാജ്യ തലസ്ഥാനത്ത് നടക്കുന്ന ബിജെപിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടിവ് യോഗം ഇന്ന് അവസാനിക്കും.
ഒൻപത് സംസ്ഥാനങ്ങളിൽ വരും മാസങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നേടിയായാണ് സുപ്രധാന യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡല്‍ഹിയില്‍ വലിയ റോഡ് ഷോ നടത്തി. പിന്നാലെയാണ് യോഗം തുടങ്ങിയത്. 35 കേന്ദ്ര മന്ത്രിമാര്‍, 15 മുഖ്യമന്ത്രിമാര്‍ ഉപമുഖ്യമന്ത്രിമാരടക്കം ഉന്നത ബിജെപി നേതാക്കളെല്ലാം ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദുര്‍ബല ബൂത്തുകള്‍ കണ്ടെത്തി അവയെ ശക്തിപ്പെടുത്തുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ നിര്‍ദേശിച്ചു. 20 മിനിറ്റ് നീണ്ടു നിന്ന റോഡ് ഷോയില്‍ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, എസ് ജയ്ശങ്കര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. സമ്മേളന വേദിക്ക് മുന്നില്‍ നഡ്ഡ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
യോഗത്തിൽ നാല് പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. മധ്യവർഗത്തെ പരിഗണിക്കണമെന്ന ആർഎസ്എസ് നിർദേശവും യോഗത്തിൽ ചർച്ചയാകും. ഈ മാസം 20 ന് അധ്യക്ഷ സ്ഥാനത്ത് ഒരവസരം പൂർത്തിയാക്കുന്ന ജെപി നഡ്ഡ ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിയും വരെ തുടരണമെന്നാണ് നിലവിലെ ധാരണ. തെരഞ്ഞെടുപ്പ് അടുത്തതിനാൽ സംസ്ഥാന നേതൃത്വങ്ങളിലും കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ല.