IndiaNEWS

വിലക്കയറ്റം, തൊഴിലില്ലായ്മ: ജനവികാരം എതിരാക്കരുതെന്ന് കേന്ദ്രത്തോട് ആര്‍.എസ്.എസ്, അടുത്ത ബജറ്റില്‍ മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തണമെന്നും നിർദേശം

ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ഇടത്തരക്കാര്‍ക്കിടയില്‍ അതൃപ്തി ഏറി വരുന്നതായും ജനവികാരം എതിരാക്കരുതെന്നും കേന്ദ്ര സർക്കാരിനോട് ആർ.എസ്.എസ്. ഇത്തവണത്തെ കേന്ദ്ര ബജറ്റ് മധ്യവര്‍ഗത്തിനെ തൃപ്തിപ്പെടുത്തുന്നതാവണമെന്നും നിർദേശം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളും കണക്കിലെടുക്കുന്നതാവണമെന്നാണ് ആര്‍.എസ്.എസിന്റെ നിര്‍ദേശം. രാജ്യവ്യാപകമായി ജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസിന്റെ പുതിയ നിര്‍ദേശം.

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ഇടത്തരക്കാര്‍ക്കിടയില്‍ ഏറിവരുന്ന അതൃപ്തി മനസിലാക്കിയാണ് ആര്‍.എസ്.എസ് നേതൃത്വം അടുത്ത് ബജറ്റിലും തുടര്‍ന്നും മധ്യവര്‍ഗത്തെ പരിഗണിക്കമെന്ന ആശയം മുന്നോട്ട് വെച്ചത്. നോട്ട് നിരോധനം മുതല്‍ കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് വരെയുള്ള സര്‍ക്കാരിന്റെ എല്ലാ കടുത്ത തീരുമാനങ്ങള്‍ക്കും ഒപ്പം നിന്നവരാണ് മധ്യവര്‍ഗക്കാര്‍. അവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ബി.ജെ.പിയില്‍ പ്രതീക്ഷകളുണ്ട്. അത് സംരക്ഷിക്കണം. മധ്യവര്‍ഗത്തെക്കുറിച്ചും വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയുള്‍പ്പെടെ സാമൂഹിക സുരക്ഷ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ആര്‍.എസ്.എസ് ആവശ്യപ്പെടുന്നതെന്നും ആർ.എസ്.എസ്. നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Signature-ad

പെന്‍ഷന്‍ പദ്ധതിയടക്കം മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ വാഗ്ദാനങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടുന്നുണ്ട്. ഹിമാചലിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് ഇത് ഒരു കാരണമാണ്. ജനവികാരം എതിരാകാനുള്ള സാഹചര്യം ഒരുക്കരുതെന്നും ആര്‍.എസ്.എസ് നിര്‍ദേശിച്ചു. ആദായ നികുതി നിരക്കുകളില്‍ ഉള്‍പ്പടെ മാറ്റം ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതാണ് ആര്‍.എസ്.എസിന്റെ നിര്‍ദേശം.

ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും അതീവ നിര്‍ണായകമാണ് ഇത്തവണത്തെ ബജറ്റ്.

Back to top button
error: