ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മലയാളികൾ ഉൾപ്പെട്ട സംഘം കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നു പരാതി. നിക്ഷേപം, ചിട്ടി, പഴയ സ്വർണ്ണത്തിന് പകര പുതിയ സ്വർണ്ണം അടക്കം വിവിധ പദ്ധതികളിൽ പണം നഷ്ടമായെന്ന് പരാതിക്കാർ പറയുന്നു. പരാതികൾ അന്വേഷണത്തിനായി ഡൽഹി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി.
മലയാളികൾ നടത്തിപ്പുകാരായ കേരള ഗോൾഡ് പാലസ് ജൂവലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കഴിഞ്ഞ പത്തുവർഷമായി ഡൽഹി മയൂർവിഹാറിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള ഗോൾഡ് പാലസ്. കോട്ടയം സ്വദേശി നടേശൻ, തൃശ്യൂർ സ്വദേശി ജോമോൻ എന്നിവർ നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ ഇപ്പോൾ ഉയരുന്നത് ഗുരുതര പരാതികളാണ്. കഴിഞ്ഞ മൂപ്പത്തിരണ്ട് വർഷമായി ഡൽഹിയിൽ താമസിക്കുന്ന വത്സമ്മ ജോസ് കൊച്ചുമകന് വേണ്ടിയാണ് പുതിയ സ്വർണ്ണത്തിനായി പഴയ സ്വർണ്ണവും പണവും നൽകിയത്. ദിനംപ്രതി രണ്ടായിരം രൂപയാണ് പലിശ പറഞ്ഞിരുന്നത്. നേരത്തെ നടത്തിയ ഇടപാടുകൾ കൃത്യമായതോടെ നടത്തിപ്പുകാരെ വിശ്വാസമായി. പിന്നീട് പണം വാങ്ങിയതിന് പലിശ കിട്ടാതെയായി. ചോദിക്കുമ്പോൾ ഇടപാടുകാര്‍ ഒഴിഞ്ഞുമാറിയെന്ന് പണം നഷ്ടപ്പെട്ടവരില്‍ ഒരാളായ വത്സമ്മ പറയുന്നു. രണ്ടായിരം രൂപ ദിവസ പലിശ നൽകാമെന്ന് വാഗ്ദാനത്തിൽ വീണ ഡൽഹി സ്വദേശിയായ യുവതിക്ക് പന്ത്രണ്ട് ലക്ഷം രൂപയാണ് നഷ്ടമായത്.
മയൂർവീഹാർ പൊലീസ് സ്റ്റേഷൻ, പാണ്ഡവ നഗർ പൊലീസ് സ്റ്റേഷൻ തുടങ്ങി വിവിധയിടങ്ങളിലായി പണം നഷ്ടമായവർ പരാതി നൽകിയിട്ടുണ്ട്. മയൂർ വിഹാറിലെ പരാതി നിലവിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. ആറു കോടി രൂപയുടെ തട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. ദിനം പ്രതി കൂടുതൽ പരാതികൾ ലഭിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. പ്രതികരണത്തിനായി സ്ഥാപന ഉടമകളെ ബന്ധപ്പെട്ടെങ്കിലും ഫോണുകൾ സ്വിച്ച് ഓഫായ നിലയിലാണ്.