CrimeNEWS

ഭാര്യ മുംബൈയ്ക്കു പോയെന്നും പിന്നിട് വിവരമൊന്നും ഇല്ലെന്നും പ്രചരിപ്പിച്ചു, ഒന്നര വർഷത്തിനുശേഷം ക്ലൈമാക്സ്; പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ താൻ കൊന്ന് കുഴിച്ചു മൂടിയെന്ന് ഭർത്താവിന്റെ കുറ്റസമ്മതം

എറണാകുളം എടവനക്കാട് സ്വദേശി വാചാക്കൽ സജീവൻ പറയുന്നത്  സിനിമാക്കഥയാണോ എന്ന് ആരും സംശയിച്ചു പോകും. ഭാര്യ മുംബൈയ്ക്കു പോയതാണെന്നും പിന്നിട് വിവരമൊന്നും ഇല്ലെന്നുമാണ് ഒന്നര വർഷം മുമ്പു തൊട്ടേ സജീവൻ  പറഞ്ഞു കൊണ്ടിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകിയിരുന്നു. നാട്ടുകാരും വീട്ടുകാരുമൊക്കെ ഇത്  വിശ്വസിക്കുകയും ചെയ്തു. മക്കളും അതു തന്നെ പറഞ്ഞു. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്ന് അയൽക്കാരും പറയുന്നു. വേറെ പൊരുത്തക്കേടുകളൊന്നും തോന്നിയതുമില്ല.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭാര്യ രമ്യ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാനാണ് മുംബൈയിലേക്കു പോയതെന്നാണ് ഇയാൾ ഏവരെയും ധരിപ്പിച്ചിരുന്നത്. മുംബൈയിൽ നിന്നു ഗൾഫിലേക്കു പോയതായി മറ്റു ചിലരോടും പറഞ്ഞു. ഫോൺ വഴിയുള്ള ബന്ധം പോലും ഇല്ലാത്തതിനു ന്യായീകരണമായി മുംബൈയിൽ വച്ച് പരിചയപ്പെട്ട ഒരാളുമായി രമ്യ നാടുവിട്ടു എന്ന മറ്റൊരു കഥയും മെനഞ്ഞു. ഈ വൈരുധ്യങ്ങൾ സംശയത്തിനിടയാക്കി. മാത്രമല്ല തിരോധാനത്തിന് 6 മാസത്തിനു ശേഷം  നൽകിയ പരാതിയുമെല്ലാം സംശയം വർദ്ധിപ്പിച്ചു.

Signature-ad

സജീവൻ്റെ മൊഴികളിലെ വൈരുധ്യം മനസിലാക്കിയ പൊലീസ് ഇയാളെ ശ്രദ്ധിച്ചു വരികയായിരുന്നു. കേസന്വേഷണത്തിൽ കാര്യമായ താൽപര്യം കാണിക്കാതിരുന്നതും  പൊലീസിനു സംശയം വർദ്ധിപ്പിച്ചു. തുടർന്നു കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഒരു നരഹത്യയുടെ കഥ പുറത്തു വന്നത്.

  ഭാര്യ രമ്യയെ താൻ  കൊന്നു വീടിനു സമീപം കുഴിച്ചു മൂടിയതായി സജീവൻ മൊഴി നൽകി. വീടിന്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തെ മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങളും കണ്ടെത്തി. കൊലപാതകം നടന്നത് 2021 ഓഗസ്റ്റ് പതിനാറിനാണെന്ന് സജീവൻ മൊഴി നൽകി. രമ്യയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. പകലാണ് കൊലപാതകം നടത്തിയത്. അന്നു രാത്രി മൃതദേഹം വീടിനോടു ചേർന്ന് കുഴിച്ചിട്ടെന്നുമാണ് സജീവൻ്റെ മൊഴി.

2021 ആഗസ്റ്റ് 17 മുതല്‍ രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി രമ്യയുടെ കുടുംബവും പോലീസില്‍ പരാതിപ്പെട്ടിരുന്നു. രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പൊലീസ് പത്രപ്പരസ്യവും നല്‍കിയിരുന്നു. ഇലന്തൂർ നരബലി കേസിനെ തുടര്‍ന്ന് കാണാതായ സ്ത്രീകളുടെ വിവരം പോലീസ് ശേഖരിക്കുകയും അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തപ്പോഴാണ് എടവനക്കാട് കാണാതായ രമ്യയെക്കുറിച്ചും അന്വേഷണം ഊർജിതപ്പെടുത്തിയത്. ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത് അങ്ങനെയാണ്.

രമ്യയും ഭര്‍ത്താവ് സജീവനും എടവനക്കാട് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. നാട്ടുകാരും അയല്‍ക്കാരുമെല്ലാം രമ്യയെപ്പറ്റി ചോദിക്കുമ്പോള്‍ മുംബൈയിലാണെന്നാണ് സജീവന്‍ പറഞ്ഞിരുന്നത്.

  ഇയാളെ നിരീക്ഷിച്ചു കൊണ്ടിരുന്ന പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നലെ രാവിലെയും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.
പെയിന്റിങ് തൊഴിലാളിയും ക്രിക്കറ്റ് കമ്പക്കാരനുമായ സജീവന് നാട്ടിൽ വിപുലമായ സുഹൃദ് ബന്ധങ്ങളുണ്ടായിരുന്നു.  ഒരു ദിവസം കൊണ്ട് ഇയാൾ കൊലപാതകിയായി മാറിയത് അടുപ്പക്കാർക്കു ഞെട്ടലായി. ആരുമായും പെട്ടെന്ന് അടുക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന സ്വഭാവക്കാരൻ. 17 വർഷം മുൻപ് രമ്യയെ പ്രണയിച്ചാണു വിവാഹം കഴിച്ചത്. രണ്ടു വർഷം മുൻപാണ് വാച്ചാക്കലിലെ വീട്ടിൽ വാടകക്കാരായി എത്തിയത്.

Back to top button
error: