ബംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അധികൃതര്‍. ഹുബ്ബള്ളിയില്‍ വാഹന റാലിക്കിടെ കൗമാരക്കാരന്‍ പൂമാലയുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയത്, പ്രധാനമന്ത്രിയുടെ തന്നെ അനുവാദത്തോടെയാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആള്‍ക്കൂട്ടത്തില്‍നിന്ന് അപ്രതീക്ഷിതമായി ഒരാള്‍ പൂമാലയുമായി ബാരിക്കേഡുകള്‍ ചാടിക്കടന്ന് പ്രധാനമന്ത്രിയുടെ അടുത്തെത്തിയത് സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹുബ്ബള്ളിയില്‍ 29 ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതല്‍ ചടങ്ങ് നടക്കുന്ന റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു. വാഹനത്തിന്റെ ഫുട്‌ബോര്‍ഡില്‍ കയറിനിന്ന് പ്രധാനമന്ത്രി പതിവുശൈലിയില്‍ റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുമ്പോഴാണ്, ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ പൂമാലയുമായി ഒരു യുവാവ് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത്.
പൂമാല പ്രധാനമന്ത്രിയെ അണിയിക്കുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടിച്ചുമാറ്റിയിരുന്നു. ഇയാളുടെ കൈയില്‍നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചുവാങ്ങിയ പൂമാല പിന്നീട് പ്രധാനമന്ത്രിക്കു കൈമാറി.
പ്രധാനമന്ത്രിയുടെ വാഹന റാലിക്കു മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ റോഡിന്റെ ഇരുവശത്തും കര്‍ശനമായ പരിശോധന നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പൂമാലയുമായി ഓടിയെത്തിയ യുവാവ് നിന്നിരുന്ന സ്ഥലത്തും മുന്‍കൂട്ടി പരിശോധന നടത്തിയിരുന്നു.