ന്യൂയോര്‍ക്ക്: യു.എസില്‍ തടസ്സപ്പെട്ട വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഇന്നലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്.എ.എ) സംവിധാനത്തില്‍ വന്ന സാങ്കേതിക തകരാര്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍ സാധാരണനിലയിലേക്കു മടങ്ങുകയാണെന്നും അധികൃതര്‍ അറിയിച്ചു. കംപ്യൂട്ടര്‍ സംവിധാനം തകരാറിലായതോടെയാണ് യു.എസിലെ വ്യോമയാന മേഖല സ്തംഭിച്ചത്.
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇതുവരെ 9500 വിമാനങ്ങള്‍ വൈകി, 1300 ല്‍ പരം സര്‍വീസുകള്‍ റദ്ദാക്കി. ഈ കണക്ക് ഇനിയും വര്‍ധിക്കുമെന്നാണ് വിവരം. സെപ്റ്റംബര്‍ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നത് എന്നാണ് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കിയ സാഹചര്യത്തെ ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
യു.എസ് സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനു ശേഷമാണു പൈലറ്റുമാര്‍ക്കു സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്ന കേന്ദ്രീകൃത സംവിധാനം തകരാറിലായത്. സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ എഫ്.എ.എ ഉത്തരവിട്ടിരുന്നു.
വിമാനഗതാഗതവുമായി ബന്ധപ്പെട്ട ‘നോട്ടിസ് ടു എയര്‍ മിഷന്‍സ്’ സംവിധാനമാണു തകരാറിലായത്. യാത്രാപാതയിലെ പക്ഷിശല്യം, അടഞ്ഞ റണ്‍വേ, പ്രതികൂല കാലാവസ്ഥ, വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളില്‍ പൈലറ്റുമാര്‍ക്കു സുരക്ഷാ മുന്നറിയിപ്പുകള്‍ കോഡുകളായി നല്‍കുന്ന സംവിധാനമാണിത്. ഈ വിവരങ്ങള്‍ യഥാസമയം പുതുക്കിനല്‍കുന്നതില്‍ സംവിധാനം പരാജയപ്പെട്ടതോടെയാണു പ്രതിസന്ധി ഉടലെടുത്തത്. ഈ സംവിധാനം പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ വിമാനം പറപ്പിക്കാന്‍ പാടില്ലെന്നാണു ചട്ടം.
പുതിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ വ്യാഴാഴ്ചതന്നെ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, സൈബര്‍ ആക്രമണം ആണിതെന്നതിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഗതാഗത വിഭാഗത്തിന് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയെറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ സാങ്കേതിക തകരാറിന്റെ കാരണം ഈ ഘട്ടത്തില്‍ വ്യക്തമല്ല.