KeralaNEWS

കൈക്കുഞ്ഞുമായി ചികിത്സ തേടി എത്തിയ യുവതിയെ തള്ളി വീഴ്ത്തി ശിശുരോഗ വിദഗ്ധൻ, തലശേരിയിലെ ഡോക്ടർക്കെതിരേ ജാമ്യമില്ലാ കേസ്

തലശേരി: കൈക്കുഞ്ഞുമായി ചികിത്സ തേടി എത്തിയ യുവതിയെ അപമാനിക്കുകയും തളളി വീഴ്ത്തുകയും ചെയ്ത സംഭവത്തിൽ ശിശുരോഗ വിദഗ്ധനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തു.

തിരുവങ്ങാട് കീഴന്തിമുക്കിലെ ഡോ. ദേവാനന്ദിനെതിരേയാണ് 354-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കളോടൊപ്പം കൈ ക്കുഞ്ഞുമായി ചികിത്സ തേടി എത്തിയതായിരുന്നു യുവതി. എല്ലാ രോഗികളും പോയ ശേഷമാണ് യുവതിക്ക് കുഞ്ഞുമായി ഡോക്ടറുടെ വീട്ടിലെ ഒ.പിയി ൽ കയറാൻ അനുമതി ലഭിച്ചത്.
യുവതിയോടൊപ്പം യുവതിയുടെ മാതാവ് കൂടി ഒ.പി യിലേക്ക് കയറാൻ ശ്രമിച്ചതിൽ ക്ഷുഭിതനായ ഡോക്ടർ യുവതിയെ തള്ളി വീഴ്ത്തിയശേഷം ഒ.പി അടച്ച് സ്ഥലം വിട്ടു.

ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ള യുവതിക്ക് വീഴ്ചയിൽ പരിക്കേൽക്കുകയും തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്നാണ് ഇവർ സ്റ്റേഷനിലെത്തി പരാതി നൽകിയത്. രോഗികൾക്ക് നടുവിലേക്ക് ടോക്കൺ ഒന്നിച്ചെറിയുന്ന ശീലവും ഈ ഡോക്ടർക്കുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നു.
കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർ അതി സാഹസികമായി നിലത്തു വീഴുന്ന ടോക്കൺ പെറുക്കി എടുക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണെന്ന് ചികിത്സ തേടി എത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

Back to top button
error: