പട്ടിണി കിടന്നാൽ പൊണ്ണത്തടി കുറയുമോ…? വസ്തുതകൾ മനസിലാക്കുക
ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇത് അബദ്ധ ധാരണയാണ്. ശരീരഭാരം കുറയ്ക്കില്ലെന്നു മാത്രമല്ല, പോഷകങ്ങള്‍ നഷ്ടപ്പെടുത്തി ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ മസ്തിഷ്‌കം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഗ്ലൂക്കോസിലാണ്. ഭക്ഷണം ഒഴിവാക്കുമ്പോള്‍, അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുന്നു.
ഇതു മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. മാനസികാവസ്ഥയെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാധിക്കുന്നു. സമയത്തിന് ഭക്ഷണം കഴിക്കാതിരുന്നാല്‍ നമ്മുടെ മാനസികാവസ്ഥ മോശമാകും. ഈ സമയം വിറയലും ഉത്കണ്ഠയും അനുഭവപ്പെട്ടേക്കാം. ഒരുനേരം ഭക്ഷണം ഒഴിവാക്കുമ്പോള്‍ അടുത്ത ഭക്ഷണ സമയത്ത് അമിതമായി ആഹാരം കഴിക്കും. അതുകൊണ്ട് ഭക്ഷണം ഒഴിവാക്കുന്നത് ഒരു തരത്തിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ അത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. മന്ദഗതിയിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കില്ല, മറിച്ച് ശരീരഭാരം വര്‍ദ്ധിപ്പിക്കും.
ഭക്ഷണം എന്നത് ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജമാണ്. ഇത് ഒഴിവാക്കുന്നത് തലകറക്കത്തിനും കാരണമാകും. ഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍, നമ്മുടെ ശരീരം കോര്‍ട്ടിസോളിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും നിങ്ങളെ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ശരിയായ ഭക്ഷണക്രമവും വ്യായാമവും ശീലിച്ചാല്‍ മാത്രമേ ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. ദിവസവും 4 തവണയെങ്കിലും ഭക്ഷണം കഴിക്കുക. കാരണം ഇത് നിങ്ങളുടെ വയറു നിറയ്ക്കാന്‍ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണങ്ങള്‍ തമ്മിലുള്ള ഇടവേള 4 മണിക്കൂറില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കുക.
ഇതൊക്കെയാണെങ്കിലും ശരീരഭാരം കൂടുന്നത് സന്ധികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മൂലം മുട്ടുവേദനയും നടുവേദനയും പ്രായമായവരിലും ചെറുപ്പക്കാരിലും സാധാരണമാണ്. പൊണ്ണത്തടി ചലനശേഷിയെ ബാധിക്കുകയും ഈ രോഗികൾക്ക് അനങ്ങാൻ കഴിയാതെ വരികയും ചെയ്യും. അമിതവണ്ണമുള്ളവർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെറിയ ദൂരം നടക്കുമ്പോൾ പോലും ശ്വാസം മുട്ടുകയും ചെയ്യുന്നു.
പൊണ്ണത്തടിയുള്ള സ്ത്രീകൾക്ക് ആർത്തവ പ്രശ്നങ്ങളും വന്ധ്യതയുടെ ഉയർന്ന സാധ്യതയും ഉണ്ട്, കൂടാതെ ഗർഭധാരണത്തിനും തടസ്സമുണ്ടാക്കുന്നു.
പൊണ്ണത്തടി ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു, രോഗാവസ്ഥയും മരണനിരക്കും വർദ്ധിപ്പിക്കുന്നു. അതിനാൽ ആരോഗ്യകരവും രോഗരഹിതവുമായ ജീവിതം നയിക്കാൻ ശരീര ഭാരം ആരോഗ്യകരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
മാനസികമായി നമ്മെ തളർത്തുന്ന ഒന്നാണ് പൊണ്ണത്തടി. അമിതവണ്ണമുള്ളരെ ഇച്ഛാശക്തി ഇല്ലെന്ന് പറഞ്ഞുകൊണ്ട് പലരും കുറ്റപ്പെടുത്തുന്നു, ഇത് മൂലം ചികിത്സയ്ക്ക് യോഗ്യരായി അവരെ കണക്കാക്കുന്നില്ല. ശരീരത്തിന് സൗന്ദര്യമില്ലെന്ന് പറഞ്ഞ് അവരെ കുറ്റപ്പെടുത്തുന്നു. ഈ അവസ്ഥ വലിയ മാനസിക, സാമൂഹിക ആഘാതം ഉണ്ടാക്കുന്നു. അമിതവണ്ണമുള്ള പല രോഗികളും നിശബ്ദമായി വിഷാദരോഗം അനുഭവിക്കുന്നു.
ശരീരഭാരം കുറയ്ക്കാനുള്ള മാർഗ്ഗങ്ങളിൽ കൃത്യമായ ഭക്ഷണക്രമവും ജീവിതശൈലിയും പാലിക്കുക. സ്വയം ചികിത്സകൾ തെരഞ്ഞെടുക്കന്നതിനു മുംപ് ശരീരഭാരം കുറയ്ക്കാനായി ഒരു വിദഗ്ദ്ധ ഡോക്ടറെ സമീപിക്കുക