KeralaNEWS

ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്; മകരവിളക്ക് ദിനത്തിൽ പുരസ്‌കാരം സമ്മാനിക്കും

തിരുവനന്തപുരം: ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിയെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതായി മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നതാണ് ഹരിവരാസനം പുരസ്‌കാരം.

സ്വാമി അയ്യപ്പന്‍ അടക്കമുള്ള 85 സിനിമകള്‍ക്ക് തിരകഥയും സംഭാഷണവും രചിച്ചും ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങള്‍ എന്നീ ആല്‍ബങ്ങളിലൂടെയും ഗാനരചയിതാവായി ശ്രദ്ധേയനാണ് ശ്രീകുമാരന്‍ തമ്പി മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു ഉഷസന്ധ്യകള്‍ തേടിവരുന്നു അകത്തും അയ്യപ്പന്‍ പുറത്തും അയ്യപ്പന്‍ എന്നിവ അദ്ദേഹം രചിച്ചു ഭക്തിഗാനങ്ങളില്‍ ശ്രദ്ധേയമാണ്.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മകരവിളക്ക് ദിവസമായ 14 ന് രാവിലെ എട്ടിന് സന്നിധാനം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിക്കും.

പ്രശസ്ത സംഗീതജ്ഞ പാല്‍ക്കുളങ്ങര കെ. അംബികാദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയാണ് ശ്രീകുമാരൻ തമ്പി കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്രപതിപ്പിച്ചു. ഏകദേശം മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട്. മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ് അദ്ദേഹം. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.

ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള അദ്ദേഹം, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Back to top button
error: