KeralaNEWS

കൃഷിയിടങ്ങളിലെ മോട്ടോർ പമ്പുകൾ സൗരോർജത്തിലേക്ക് മാറ്റാൻ പദ്ധതി

കൃഷിയിടങ്ങളില്‍ നിലവില്‍ വൈദ്യുതിയില്‍ പ്രവൃത്തിക്കുന്ന മോട്ടോര്‍ പമ്പുകള്‍ സാമ്പത്തിക ചെലവില്ലാതെ സൗരോര്‍ജ്ജത്തിലേക്ക് മാറ്റാവുന്ന പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് അനെര്‍ട്ട്. നിലവില്‍ 1.5 എച്.പി മുതല്‍ 7.5 എച്.പി വരെയുള്ള പമ്പ് സെറ്റുകള്‍ക്കാണ് അനെര്‍ട്ട് മുഖേന സൗജന്യ സൗരോര്‍ജ്ജ കണക്ഷന്‍ നല്‍കുന്നത്. സൗരോര്‍ജ വൈദ്യുതോത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പി.എം. കുസും യോജന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 3500 സൗജന്യ കാര്‍ഷിക കണക്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന പമ്പുള്ളവര്‍ക്കാണ് ഈ പദ്ധതി അനുവദിച്ചിട്ടുള്ളത്.

വൈദ്യുത ലഭ്യതയിലെ സ്വയം പര്യാപ്തത മാത്രമല്ല കര്‍ഷകര്‍ക്കും പ്രകൃതിക്കും സൗരോര്‍ജ കൃഷിയിടത്തിലൂടെ നേട്ടമേറെയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പദ്ധതി ആനുകൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ പൂര്‍ണമായും സൗജന്യമായാണ് അനെര്‍ട്ട് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ ബെഞ്ച് മാര്‍ക്ക് തുകയില്‍ 30% കേന്ദ്ര സബ്സിഡിയും ബാക്കി വരുന്ന പദ്ധതി തുക നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് (ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ട്) സ്‌കീമില്‍ വായ്പയായി അനെര്‍ട്ട് കണ്ടെത്തുകയും ചെയ്യും.

ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് യാതൊരു ബാധ്യതയും ഉണ്ടാകില്ല. ലോണ്‍ കാലാവധി കഴിയുന്നതോടെ കര്‍ഷകന് സൗരോര്‍ജ നിലയത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ലഭിക്കും. സൗജന്യ കാര്‍ഷിക കണക്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന പമ്പുള്ളവര്‍ക്കാണ് നിലവില്‍ പ്ലാന്റ് നല്‍കുന്നത്. ഒരു കിലോ വാട്ട് സൗരോര്‍ജ നിലയത്തിന് 10 സ്‌ക്വയര്‍ മീറ്റര്‍ എന്ന നിലക്ക് നിഴല്‍ രഹിത സ്ഥലം വേണം. പുരപ്പുറമോ ഭൂതലമോ ഇതിനായി ഉപയോഗിക്കാം. വൈദ്യുത മീറ്ററിന്റെ 25 മീറ്റര്‍ ചുറ്റളവില്‍ ഉള്ള സ്ഥലമാണ് കൂടുതല്‍ നല്ലത്. വൈദ്യുതി സ്വയംപര്യാപ്തതയിലൂടെ പ്രീസിഷന്‍ ഫാമിങ് പോലുള്ള നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷി വിപുലീകരിക്കാം.
ഇതിന് എങ്ങനെ അപേക്ഷിക്കാം ?

സൗജന്യ കാര്‍ഷിക കണക്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന പമ്പുള്ളവര്‍ക്കാണ് പ്ലാന്റ് നല്‍കുന്നത്. കൃഷിഭവന്‍ അഗീകാരം നല്‍കിയ കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയില്‍ പങ്കാളിയാകാന്‍ അവസരം. അപേക്ഷ ഫോമുകള്‍ ജില്ലയിലെ കൃഷിഭവനുകളില്‍ നിന്നും ലഭിക്കും. ആദ്യം അപേക്ഷ നല്‍കുന്നവര്‍ക്കായിരിക്കും കൂടുതല്‍ പരിഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ, അനെര്‍ട്ട് ഓഫീസുമായോ ബന്ധപ്പെടണം. അനെര്‍ട്ട് ജില്ലാ ഓഫീസ് ഫോണ്‍: 0483 2730999.

Back to top button
error: