ലോകസിനിമയിലെ എക്കാലത്തെയും ജനപ്രിയ ഏടുകളില്‍ ഒന്നാണ് ടൈറ്റാനിക്. ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും കണ്ടിരിക്കാന്‍ സാധ്യതയുള്ള എപിക്. ഇപ്പോഴിതാ തിയറ്റര്‍ റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് സിനിമ എത്തുക. കാരണം 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് പടം എത്തുന്നത്. ഇതിനോടനുബന്ധിച്ച് പുതിയ ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
#Titanic revient sur grand écran en versions remasterisées 3D et 4K, dès le 8 février au cinéma. pic.twitter.com/eqq7IFFTPr
— 20th Century Studios FR (@20thCenturyFR) January 10, 2023
ഈ വര്‍ഷത്തെ വാലന്‍റൈന്‍ഡ് ഡേ കണക്കാക്കിയാണ് ചിത്രം എത്തുക. വാലന്റൈന്‍ഡ് ഡേ വാരാന്ത്യത്തില്‍- ഫെബ്രുവരി 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ജാക്കിന്‍റെയും റോസിന്റെയും ദുരന്ത പ്രണയകഥ ഒരിക്കല്‍ക്കൂടി, അതും കൂടുതല്‍ തെളിമയോടെ കാണാനുള്ള അവസാനമാണ് സിനിമാപ്രേമികളെ തേടി എത്തുന്നത്. 1997 ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഇപ്പോള്‍ തിയറ്ററുകളിലുള്ള അവതാര്‍ ദ് വേ ഓഫ് വാട്ടറിന്‍റെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ആണ്. തിരക്കഥയും അദ്ദേഹത്തിന്‍റേത് തന്നെ.
ഒരു ചരിത്ര സംഭവത്തെ പശ്ചാത്തലമാക്കി ജെയിംസ് കാമറൂണ്‍ ഒരുക്കിയ ദുരന്ത പ്രണയകാവ്യം ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളെ വൈകാരികമായി സ്പര്‍ശിച്ചു. അതുവരെയുണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തിരുന്നു ചിത്രം. റിലീസിന്‍റെ 25-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട് ടൈറ്റാനിക്. റീ റിലീസില്‍ ആ ലിസ്റ്റില്‍ ചിത്രത്തിന് സ്ഥാനക്കയറ്റം ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണാം. 11 ഓസ്കര്‍ അവാര്‍ഡുകളും വാരിക്കൂട്ടിയ ചിത്രമാണിത്.