മുംബൈ: ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനുള്ള പ്ലാനിങിലാണ് ആപ്പിൾ. കമ്പനിയുടെ ആദ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോറുകളാണ് രാജ്യത്ത് ആപ്പിൾ ഓപ്പൺ ചെയ്യുന്നത്. റീട്ടെയിൽ സ്റ്റോറിലേക്കുള്ള ജീവനക്കാരെ കമ്പനി നിയമിക്കാൻ തുടങ്ങിയതായാണ് സൂചന. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനിയുടെ കരിയർ പേജിൽ ഇതിനോടകം നിരവധി ഓപ്പണിങുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത ജോലികൾക്കായാണ് ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ കരിയർ പേജിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ജോലികൾക്കായി നിരവധി ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തുകഴിഞ്ഞു.
ബിസിനസ്സ് വിദഗ്‌ദ്ധൻ, “ജീനിയസ്”, ഓപ്പറേഷൻ എക്‌സ്‌പെർട്ട്, ടെക്‌നിക്കൽ സ്‌പെഷ്യലിസ്റ്റ് എന്നിങ്ങനെ നീളുന്നു ഓപ്പണിങുകളുടെ ലിസ്റ്റുകൾ. ഓഫിഷ്യലി ഓപ്പൺ ചെയ്യാത്ത ആപ്പിൾ സ്റ്റോറുകളിലേക്ക് നിയമനം ലഭിച്ചതായ അഞ്ചിലധികം പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.പ്രഫഷണൽ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നിലൂടെയാണ് ഇക്കൂട്ടർ അവകാശവാദം നടത്തിയിരിക്കുന്നത്. ആമസോൺ, ട്വിറ്റർ,മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടൽ നടത്തുന്ന സമയത്താണ് നിയമനമെന്നത് ശ്രദ്ധേയമാണ്.
ടാറ്റാ ഗ്രൂപ്പ് രാജ്യത്താകമാനം നൂറോളം ആപ്പിൾ എക്സ്ക്ലൂസീവ് സ്റ്റോറുകൾ ഓപ്പൺ ചെയ്യുമെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 600 ചതുരശ്ര അടി വസ്തീർണമുള്ള ആപ്പിൾ സ്റ്റോറുകളായിരിക്കും ടാറ്റ തുറക്കുകയെന്നും സൂചനയുണ്ട്. 1,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറുകളേക്കാൾ വലിപ്പക്കുറവ് ഉണ്ടാകും ഇൻഫിനിറ്റി റീട്ടെയിലിന്റെ ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾക്കെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാളുകളിലും മറ്റ് ഹൈ-സ്ട്രീറ്റുകളിലും സമീപ പ്രദേശങ്ങളിലുമാകും ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ കാണുക. ചെറിയ ആപ്പിൾ സ്റ്റോറുകളിൽ ഐഫോണുകൾ, ഐപാഡുകൾ, വാച്ചുകൾ എന്നിവ മാത്രമേ ലഭിക്കൂ.വലിയ സ്റ്റോറുകളിൽ ഐഫോണുകളിൽ തുടങ്ങി മാക്ബുക്ക് കമ്പ്യൂട്ടറുകൾ വരെയുള്ള എല്ലാ ആപ്പിൾ ഉത്പന്നങ്ങളും ലഭ്യമാകും.