തൃശൂര്‍: പെരുവനം കുട്ടന്‍ മാരാരെ പൂരം ഇലഞ്ഞിത്തറ പ്രമാണിസ്ഥാനത്തുനിന്നും പാറമേക്കാവ് ദേവസ്വം നീക്കി. വെള്ളിയാഴ്ച വേല എഴുന്നള്ളിപ്പില്‍ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിച്ചതും ചെണ്ട താഴെ വച്ചതുംമാണ് സ്ഥാന ചലനത്തിനു വഴിതെളിച്ചതെന്നു സൂചനയുണ്ട്. 24 വര്‍ഷത്തിനു ശേഷമാണു കുട്ടന്‍ മാരാര്‍ പുറത്തു പോകുന്നത്. കിഴക്കൂട്ട് അനിയന്‍ മാരാരാണ് പുതിയ പ്രമാണി.
അതേസമയം, മുതിര്‍ന്ന വാദ്യകലാകാരനായ അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് പാറമേക്കാവ് ദേവസ്വം വ്യക്തമാക്കിയിരുന്നു. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങള്‍ക്കും മേള പ്രമാണിയാണ് പെരുവനം. 2011 ല്‍ പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചത്.
78 വയസ്സായ കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് പ്രമാണി സ്ഥാനത്ത് ഒരവസരം നല്‍കാന്‍ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. 1961 മുതല്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍ പൂരത്തിനുണ്ട്. കലാകാരന്മാര്‍ക്ക് മാറി മാറി മേളപ്രമാണിസ്ഥാനം നല്‍കാനുള്ള ആലോചനയും നടക്കുന്നുണ്ടെന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പെരുവനത്തിന്റെ സേവനങ്ങളെ ദേവസ്വം നന്ദിയോടെ സ്മരിക്കുകയും ചെയ്തു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തില്‍ പങ്കാളിയാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍. 2005-ല്‍ പാറമേക്കാവിന്റെ പകല്‍പ്പൂരത്തിന് അദ്ദേഹം പ്രാമാണ്യം വഹിച്ചിരുന്നു. 2012-ല്‍ തിരുവമ്പാടിയുടെ പകല്‍പ്പൂരത്തിനും പ്രമാണിയായി. ആറു പതിറ്റാണ്ടായി ചെണ്ട മേളം ജീവിതമാക്കിയ അനിയന്‍ മാരാര്‍ എന്ന മേളപ്രേമികളുടെ അനിയേട്ടനുള്ള അപൂര്‍വ്വ ആദരം കൂടിയാണ് വൈകിയെത്തുന്ന ഈ പ്രമാണി സ്ഥാനം.
തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. ഏകദേശം രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയില്‍ അവതരിപ്പിക്കുന്നത്. വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ മതില്‍കെട്ടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനടിയിലാണ് ഈ മേളം അരങ്ങേറുക. ഈ ഇലഞ്ഞി മരത്തിന്റെ ചുവട്ടിലാണ് പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് ഐതിഹ്യം. കഴിഞ്ഞ വര്‍ഷം മെയില്‍ പെരുവനത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തില്‍ മുന്നൂറോളം കലാകാരന്‍മാരാണ് പങ്കെടുത്തത്.