KeralaNEWS

പണപ്പിരിവിനെച്ചൊല്ലി ബി.ജെ.പി യോഗത്തിനിടെ കൈയ്യാങ്കളി; നേതാക്കള്‍ പണം വാങ്ങിയെന്ന് ആക്ഷേപം

കോഴിക്കോട്: പണപ്പിരിവിനെച്ചൊല്ലി ബി.ജെ.പി യോഗത്തിനിടെ കൈയ്യാങ്കളി. പേരാമ്പ്രയിലാണ് സംഭവം. തന്റെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ബി.ജെ.പി നേതാക്കള്‍ പണം വാങ്ങിയെന്ന പ്രവര്‍ത്തകനായ പ്രജീഷിന്റെ പരാതിയെച്ചൊല്ലിയായിരുന്നു കൈയ്യാങ്കളി. നേതാക്കള്‍ പണം വാങ്ങിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബി.ജെ.പി മുന്‍ നേതാവുമായ പാലേരി സ്വദേശി പ്രജീഷിന്റെ പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി പ്രതിഷേധം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബി.ജെ.പി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റും ചില ഭാരവാഹികളും ചേര്‍ന്ന് ഒരു ലക്ഷത്തി പതിനായിരം രൂപ പ്രജീഷില്‍ നിന്നും വാങ്ങിയതായാണ് ആരോപണം. വീണ്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് നേതാക്കള്‍ സമീപിച്ചെങ്കിലും പണം നല്‍കിയില്ലെന്ന് പ്രജീഷ് പറയുന്നു. പിന്നാലെ പെട്രോള്‍ പമ്പ് നിര്‍മ്മാണം നേതാക്കളിടപെട്ട് തടഞ്ഞതായാണ് പരാതി. നേതാക്കള്‍ തന്റെ ഉടമസ്ഥതയില്‍ കുറ്റ്യാടിയിലുളള പെട്രോള്‍ പമ്പിലെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളും പ്രജീഷിന്റെ ശബ്ദരേഖയും പുറത്ത് വന്നു.

Signature-ad

ഇതിന് പിന്നാലെ ചേര്‍ന്ന ബി.ജെ.പി പേരാമ്പ്ര മണ്ഡലത്തിലെ ഭാരവാഹികളുടെ യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പണം വാങ്ങിയത് ചോദ്യം ചെയ്‌തെത്തിയ ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേതാക്കളെ കൈയേറ്റം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റതായാണ് വിവരം. ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍, സെക്രട്ടറി ഷൈനി ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സംഘര്‍ഷം ഉണ്ടായത്. മൂന്ന് മാസം മുമ്പ് പാര്‍ട്ടി ഫണ്ടിലേക്ക് 25,000 രൂപ പ്രജീഷില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് രജീഷ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നായിരുന്നു ജില്ലാ പ്രസിഡന്റ് വി.കെ സജീവന്റെ പ്രതികരണം.

 

Back to top button
error: