തൃശൂര്‍: സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. വെളുത്തൂര്‍ സ്വദേശി സതീശിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന നിക്ഷേപ രേഖകളും പിടിച്ചെടുത്തു. സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ മുഖ്യപ്രതി പ്രവീണ്‍ റാണയെ പിടിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് നിക്ഷേപകര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആദ്യ അറസ്റ്റുണ്ടായത്.
റാണയുടെ വിശ്വസ്തനും അഡ്മിന്‍ മാനേജരുമായ സതീശിനെയാണ് വിയ്യൂര്‍ എസ്ഐ കെ സി ബിജുവും സംഘവും പിടികൂടിയത്. 25 ലക്ഷം തട്ടിയെടുത്തെന്ന കോലഴി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. റാണ ഒളിവില്‍ പോയതിന് പിന്നാലെ സേഫ് ആന്‍റ് സ്ട്രോങ്ങിന്‍റെ ഓഫീസുകളില്‍ നിന്ന് നിക്ഷേപ രേഖകളടക്കം കടത്തിയിരുന്നു. പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ച ഈ രേഖകളും പൊലീസ് കണ്ടെത്തി. റാണയുടെ ബിനാമിയായി പ്രവര്‍ത്തിച്ചയാളാണ് സതീശ്.
കഴിഞ്ഞ 27ന് അരിമ്പൂര്‍ റാണാ റിസോര്‍ട്ടില്‍ വിളിച്ച നിക്ഷേപകരുടെ യോഗത്തില്‍ ചെക്ക് നല്‍കാമെന്ന് റാണ വാഗ്ദാനം ചെയ്തിരുന്നു. പത്താം തീയതി അഡ്മിന്‍ മാനേജരായ സതീശ് മുഖേന ചെക്ക് നല്‍കാനാമെന്നാണ് നല്‍കിയ വാദ്ഗാനം. എന്നാല്‍ 29 ന് റാണ കമ്പനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചതറിഞ്ഞ നിക്ഷേപകര്‍ കൂട്ടപ്പരാതിയുമായി എത്തുകയായിരുന്നു. പരാതി വന്നതിന് പിന്നാലെ സതീശും ഒളിവില്‍ പോയിരുന്നു. സതീശിന്‍റെയും ബന്ധുക്കളുടെയും പേരിലേക്ക് റാണ നിക്ഷേപത്തിലൊരംശം മാറ്റിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം വിശദപരിശോധന നടന്ന് വരികയാണ്.
പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ‘സേഫ് ആന്‍റ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. സതീശിന്‍റെ അറസ്റ്റോടെ റാണയിലേക്കുള്ള വഴി തുറക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.