
കൊച്ചി: എ.ടി.എം പിന്‍ രഹസ്യമായി സൂക്ഷിക്കുന്നതില്‍ ഉപഭോക്താവ് വീഴ്ചവരുത്തിയാല്‍ പണം നഷ്ടപ്പെട്ടതിന് തപാല്‍ വകുപ്പിനെ കുറ്റപ്പെടുത്താനാവില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. എന്നാല്‍, ഉപഭോക്താവിന് പരാതി സമര്‍പ്പിക്കാനുള്ള കസ്റ്റമര്‍കെയര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എറണാകുളം, കങ്ങരപ്പടി സ്വദേശി അഞ്ജു സമര്‍പ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഈ ഉത്തരവിട്ടത്.
എറണാകുളത്തു നിന്ന് ആലപ്പുഴയിലേക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യവെയാണ് പരാതിക്കാരിയുടെ പേഴ്‌സ് നഷ്ടപ്പെട്ടത്. തപാല്‍ വകുപ്പിന്റെ പോസ്റ്റ് ഓഫീസ് സേവിങ് ബാങ്കിന്റെ എ.ടി.എം കാര്‍ഡും പേഴ്‌സില്‍ ഉണ്ടായിരുന്നു. 66,060 രൂപയും അക്കൗണ്ടിലുണ്ടായിരുന്നു. പേഴ്‌സ് നഷ്ടപ്പെട്ട വിവരം പരാതിക്കാരി പോലീസ് സ്‌റ്റേഷനെ അറിയിച്ചുവെങ്കിലും 25,000 രൂപ അതിനകം ആരോ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചു. അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള പരാതിക്കാരിയുടെ ശ്രമങ്ങളും പരാജയപ്പെട്ടു. കാരണം, ശനിയും ഞായറും കസ്റ്റമര്‍ കെയര്‍ അവധിയായിരുന്നു. കസ്റ്റമര്‍ കെയര്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ തന്റെ പണം നഷ്ടപ്പെടുമായിരുന്നില്ല എന്നാണ് പരാതിക്കാരി പറയുന്നത്.

പരാതിക്കാരിക്കുണ്ടായ വീഴ്ചയ്ക്ക് എതിര്‍ കക്ഷി നഷ്ടം നല്‍കണമെന്ന വാദം നിലനില്‍ക്കുന്നതെല്ലെന്ന തപാല്‍ വകുപ്പിന്റെ വാദം സ്വീകരിച്ച കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കണമെന്ന പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍, 24 മണിക്കൂറും കസ്റ്റമര്‍ കെയര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കിയത്.