Fiction

കൂട്ടിൽ അടച്ച മയിലും മാനത്ത് സ്വതന്ത്രമായി പറക്കുന്ന കാക്കയും

വെളിച്ചം

   ആ കാക്ക വളരെ സന്തോഷകരമായാണ് ജീവിച്ചിരുന്നത്. അങ്ങനെയിരിക്കെ അതൊരു അരയന്നത്തെ കാണാനിടയായി. കാക്ക മനസ്സില്‍ കരൂതി: എന്തു ഭംഗിയുള്ള ജീവി.
ആ വിവരം അരയന്നത്തോടു കാക്ക നേരിട്ടു തന്നെ പറഞ്ഞു:
”നീ എത്ര സുന്ദരിയാണ്…”

“ശരിയാണ്, എന്റെ ചിന്തയും അതുതന്നെയായിരുന്നു , ഞാന്‍ തത്തയെ കാണുന്നത് വരെ… ” അരയന്നം മറുപടി നൽകി.
കാക്ക അന്വേഷിച്ച് തത്തയെ കണ്ടെത്തി, എന്നിട്ട് പറഞ്ഞു:

“നീ എത്ര സുന്ദരിയാണ്. അരയന്നവും ഞാനുമൊക്കെ നിന്റെ സൗന്ദര്യത്തില്‍ അസൂയപ്പെടുന്നു… ”

“നിങ്ങള്‍ പറഞ്ഞത് ശരിയാണ്.. ഞാനും അങ്ങിനെതന്നെയാണ് വിചാരിച്ചിരുന്നത്, ഞാന്‍ മയിലിനെ കണ്ടുമുട്ടുന്നതുവരെ…”

തത്തയുടെ മറുപടി കേട്ടപ്പോൾ കാക്കയ്ക്ക് അതിശയമായി. കാരണം കാക്ക അതുവരെ മയിലിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത് നാട്ടില്‍ മുഴുവന്‍ മയിലിനെ തേടി അലഞ്ഞു. അവസാനം ഒരു മൃഗശാലയില്‍ മയിലിനെ കണ്ടുമുട്ടി. കാക്ക നോക്കിയപ്പോള്‍ ശരിയാണ്.. മയിലിനെ കാണാന്‍ എന്തൊരു ഭംഗിയാണ്. ആളുകള്‍ മയിലിൻ്റെ ഫോട്ടോ എടുക്കുന്നു. അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. മയിലിനോട് കാക്ക പറഞ്ഞു:

“നീ എത്ര ഭാഗ്യവാനാണ് .. എന്തൊരു സൗന്ദര്യമാണ് നിനക്ക്.. ആളുകള്‍ എല്ലാം നിന്നെ എത്ര സ്‌നേഹത്തോടെയാണ് നോക്കുന്നത്…”
പ്രശംസ കേട്ടിട്ടും മയിലിന് സന്തോഷം തോന്നിയില്ല.അതു പറഞ്ഞു:
“നീ പറഞ്ഞത് ശരിയാണ്, എനിക്ക് സൗന്ദര്യമുണ്ട്.. പക്ഷേ, നീ ഈ മൃഗശാലയിലേക്ക് നോക്കൂ.. നിനക്കിവിടെ ധാരാളം പക്ഷികളെ കൂട്ടില്‍ കാണാം. പക്ഷേ, ആ കൂട്ടിലൊന്നും ഒരു കാക്കയെ നിനക്ക് കണ്ടെത്താന്‍ സാധിക്കില്ല. എനിക്ക് കാക്കയാകണം എന്നാണ് ആഗ്രഹം. കാരണം എനിക്ക് നിന്നെപ്പോലെ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാമല്ലോ…”
കാക്കയ്ക്ക് അത് വലിയൊരു തിരിച്ചറിവായിരുന്നു.

നമ്മുടെ ജീവിതത്തിലും നമ്മേക്കാള്‍ സൗഭാഗ്യം കൂടുതലുളളവരേയും കുറവുള്ളവരേയും നാം കണ്ടുമുട്ടിയേക്കാം. പക്ഷേ, ഉള്ളത് വെച്ച് ഏറ്റവും സംതൃപ്തമായി ജീവിക്കാന്‍ സാധിക്കുന്നവനാണ് ഈ ലോകത്തെ ഏറ്റവും സന്തുഷ്ടനും സമ്പന്നനും. നമുക്കും ആ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കാം… ശുഭദിനം

സൂര്യനാരായണൻ

ചിത്രം: നിപുകമാർ

 

Back to top button
error: