മൂന്നാര്‍: ഇടുക്കി ഉടുമ്പൻചോലക്കടുത്ത് ചെമ്മണ്ണാറിൽ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തിയ പ്രതിയെ ഉടുമ്പൻചോല പോലീസ് പിടികൂടി. പാറത്തോട് ഇരുമല കാപ്പ് സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പാറത്തോട് ഇരുമലക്കാപ്പ് വെട്ടിക്കാപ്പ് ജോൺസൺ തോമസ് ആണ് സഹായം ചോദിച്ചെത്തിയ ശേഷം കന്യാസ്ത്രീ മഠത്തില്‍ മോഷണം നടത്തിയത്.
ചെമ്മണ്ണാർ എസ് എച്ച് കോൺവെൻറിൽ വ്യാഴാഴ്ച ഉച്ചയോടെ എത്തിയ ജോൺസൻ ചികിത്സക്കായി പണം ആവശ്യപ്പെട്ടു. അടുത്ത ദിവസം പണം തരാമെന്നു പറഞ്ഞ് കന്യാസ്ത്രീകൾ ഇയാളെ മടക്കി അയച്ചു. എന്നാൽ ജോൺസൻ മടങ്ങി പോകാതെ സമീപത്തു നിന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു. കന്യാസ്ത്രീകൾ പുറത്തേക്ക് പോയ സമയത്ത് കോൺവെന്റിനുള്ളിൽ കടന്ന് പണം മോഷ്ടിക്കുകയായിരുന്നു.
പുറത്തു പോയ കന്യാസ്ത്രീകൾ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉടുമ്പൻഞ്ചോല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മഠത്തില്‍ നിന്നും മോഷ്ടിച്ചതിൽ 31,500 രൂപ കണ്ടെടുത്തിട്ടുണ്ട്. ബാക്കി തുക ചെലവാക്കിയതായി ജോൺസൻ പൊലീസിനോട് പറഞ്ഞു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. പ്രതി മറ്റ് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഉടുമ്പൻചോല എസ് എച്ച് ഒ എം. അബ്ദുൾ ഖനി പറഞ്ഞു.