ടോക്യോ: കോവിഡ് മരണങ്ങളില്‍ ഞെട്ടി ജപ്പാന്‍. ഒറ്റ ദിവസം 456 കോവിഡ് മരണങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. വ്യാഴാഴ്ച മുതല്‍ 2,45,542 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,720 കേസുകള്‍ ടോക്കിയോയില്‍ മാത്രമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെ ടോക്കിയോയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരുമാസത്തിനിടെ ആയിരക്കണക്കിനു പേരാണ് കോവിഡ് മൂലം ജപ്പാനില്‍ മരണമടഞ്ഞത്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വര്‍ധിക്കുമെന്ന് നേരത്തേ ആശങ്കകള്‍ ഉണ്ടായിരുന്നു.
ഡിസംബറില്‍ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുമ്പത്തെ കോവിഡ് തരംഗംമൂലം ഓഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്. നവംബര്‍ മുതല്‍ കോവിഡ് മരണനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
ഓഗസ്റ്റ് 31 മുതല്‍ ഡിസംബര്‍ 27 വരെ, എണ്‍പതുകളില്‍ പ്രായമെത്തി നില്‍ക്കുന്ന 40.8 ശതമാനം പേര്‍ മരണപ്പെട്ടിട്ടുണ്ട്. തൊണ്ണൂറുകളില്‍ ഉള്ള 34.7 ശതമാനം പേരും എഴുപതുകളിലുള്ള 17 ശതമാനം പേരും മരണപ്പെട്ടതായി എന്നും കണക്കുകള്‍ പറയുന്നു. മരണനിരക്കിലെ 92.4 ശതമാനവും ഈ മൂന്നു പ്രായക്കാര്‍ക്കിടയില്‍ നിന്നാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.