IndiaNEWS

കോടികൾ സമ്മാനം…! കുടുങ്ങിയവർക്ക് ലക്ഷങ്ങൾ  നഷ്ടം, മലയാളി യുവതിയെ കബളിപ്പിച്ച് എട്ടര ലക്ഷം കവർന്ന മുംബൈക്കാരനെ പൊക്കി  പാലക്കാട് കസബ പോലീസ്

   ആദ്യം സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം, പിന്നെ പ്രണയം, തുടർന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയക്കട്ടേ എന്ന് ചോദ്യം. ലക്ഷങ്ങളുടെ മൂല്യമുള്ള സമ്മാനം ആരു നിരസിക്കും…? സമ്മാനം അയച്ചു എന്ന അറിയിപ്പിനൊപ്പം മറ്റൊരു പ്രധാന കാര്യം കൂടി ഓർമ്മിപ്പിക്കും. സമ്മാനത്തിന് നികുതി അടയ്ക്കണം. കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ സജീവമായ തട്ടിപ്പാണിത്. വിദേശത്തും സ്വദേശത്തും അരങ്ങു തകർക്കുന്ന ഈ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ നിരവധിയാണ്.

ഇപ്പോഴിതാ സമ്മാന കെണിയിൽ വീണ പാലക്കാട്കാരി യുവതിക്ക് നഷ്ടപ്പെട്ടത് എട്ടര ലക്ഷം രൂപ. ഒരു ഒരു കോടി രൂപ വിലയുള്ള സമ്മാനം കിട്ടാൻ കസ്റ്റംസ് ഡ്യൂട്ടി ആവശ്യപ്പെട്ട് യുവതിയിൽ നിന്നും എട്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുംബൈ സ്വദേശിയെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കുരുടിക്കാട് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് നടപടി. മുംബൈ ജിടിബി നഗർ സ്വദേശി ദിപേഷ് സന്തോഷ് മാസാനി എന്നയാളെയാണ്  മുബൈയിൽ നിന്ന് അതിവിദഗ്ധമായി പിടികൂടിയത്.

  കേസിനാസ്പദമായ സംഭവം നടന്നത് 2021 ഓഗസ്റ്റിലാണ്. യുവാവിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നു. ആദ്യമൊന്നും യുവതി അത് സ്വീകരിച്ചില്ല. പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്ത് യുവാവ്, യുവതിയെ വലയിൽ വീഴ്ത്തുകയായിരുന്നു. യുവതിയെ കാണാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നും അപ്പോൾ നേരിൽ കാണാമെന്നും ഉറപ്പു നൽകി. താൻ നാട്ടിലേക്ക് വരുന്നതിനു മുൻപായി ഒരു കോടി രൂപ വിലപിടിപ്പുള്ള സമ്മാനം നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കസ്റ്റംസിൽ നിന്നും അത് നേരിട്ട് വാങ്ങണമെന്ന് പറഞ്ഞ ഇയാൾ, സമ്മാനം കൈപ്പറ്റാൻ കസ്റ്റംസിന് ടാക്സ് അടക്കണമെന്നും യുവതിയോട് പറഞ്ഞു.

ആദ്യം യുവതി മടിച്ചെങ്കിലും കോടിക്കണക്കിന് രൂപ വിലയുള്ള സമ്മാനമാണ് താൻ യുവതിക്കായി നാട്ടിലേക്ക് അയച്ചിരിക്കുന്നത് എന്നും അതുകൊണ്ട് 8.5 ലക്ഷം രൂപ ഒരിക്കലും  നഷ്ടമാകില്ല എന്നും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനിടെ കസ്റ്റംസ് ഓഫീസിൽ നിന്നാണെന്നും പറഞ്ഞ് മറ്റൊരാൾ വിളിച്ചു. നിങ്ങൾക്ക് സ്വർണവും വജ്രവും അടങ്ങിയ സമ്മാനമുണ്ടെന്നും എട്ടര ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ സംഭവം വിശ്വസിച്ച യുവതി രണ്ട് അക്കൗണ്ടുകളിലായി നാല് തവണകളായി 8,55,500 രൂപ അയച്ചു കൊടുത്തു.

എന്നാൽ അതിനുശേഷം അയാളുടെ ഒരു വിവരവും ഉണ്ടായില്ല. ഇതോടെയാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായത്. ഇതേ തുടർന്നാണ് യുവതി കസബ പോലീസിൽ പരാതിയുമായി എത്തിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്. ഡോക്ടർ ആണെന്ന് പറഞ്ഞാണ് യുവതിയെ പ്രതി കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, പാലക്കാട് എ എസ് പി ഷാഹുൽ ഹമീദ്. എ എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് എൻ എസിൻ്റെ നേതൃത്വത്തിൽലുള്ള സംഘമാണ് മുബൈയിൽ പോയി പ്രതിയെ പിടികൂടിയത്. ഈ കേസ്സുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കസബ ഇൻസ്പെക്ടർ  എൻ.എസ് രാജീവ് അറിയിച്ചു.

Back to top button
error: