കോട്ടയം: എയിംസ് കേരളത്തിന്റെ സ്വപ്നമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലം നൽകണമെന്നും മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്. ഇന്ത്യയിൽ 20 സംസ്ഥാനങ്ങളിൽ ഏറെ ഉള്ളതും എന്നാൽ കേരളത്തിൽ ഇല്ലാത്തതുമായ, ഏറ്റവും പ്രയോജനകരമായ ‘ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ‘(AIIMS) കേരളത്തിൽ തുടങ്ങാനായി വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയുടെ പക്കലുള്ളതിൽ നിന്ന് സ്ഥലം വിട്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ കൂടിയായ പി സി തോമസ് അവശ്യപ്പെട്ടു.
200 ഏക്കറോളം സ്ഥലമാണ് വേണ്ടത് എന്നാണ് അറിയുന്നത്. വെള്ളൂർ ന്യൂസ് പ്രിന്റുമായി ബന്ധപ്പെട്ട് 700 ഓളം ഏക്കർ സ്ഥലമാണ് വെറുതെ കിടക്കുന്നത്. അതു പൂർണ്ണമായിട്ടും കേരള സർക്കാരിൻറെ അധീനതയിലാണ്. അതിൽ നിന്ന് വേണ്ടത്ര സ്ഥലം വിട്ടുകൊടുക്കുവാൻ ഒരു പ്രയാസവും ഇല്ലാതിരിക്കെ എന്തുകൊണ്ടാണ് ഇത്ര സൗകര്യപ്രദമായ സ്ഥലം വിട്ടുകൊടുക്കാം എന്ന് കേന്ദ്രത്തോട് കേരള സർക്കാർ ഏൽക്കാത്തത് എന്നു മനസ്സിലാകുന്നില്ല. കണ്ണൂർ ജില്ലയിൽ നിന്ന് കൊടുക്കാം എന്ന് പറഞ്ഞ സ്ഥലം 150 ഏക്കർ മാത്രമേ ഉള്ളൂ. അത് കേന്ദ്രം അംഗീകരിക്കുകയില്ല എന്നും തോമസ് പറഞ്ഞു.