പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയും കുറയുന്നു; ക്ഷീരമേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ലംപി സ്‌കിന്‍ രോഗം
ക്ഷീരമേഖലയ്ക്ക് വെല്ലുവിളിയും ക്ഷീരകര്‍ഷകര്‍ക്ക് ആശങ്കയും ഉയര്‍ത്തി സംസ്ഥാനത്ത് പശുക്കളിലെ സാംക്രമിക വൈറസ് രോഗമായ ലംപി സ്‌കിന്‍ ഡിസീസ് (Lumpy skin disease / LSD) അഥവാ സാംക്രമിക ചര്‍മ മുഴ രോഗം വ്യാപനം. പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാവുന്ന ലംപി സ്‌കിന്‍ രോഗം ക്ഷീരമേഖലയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന തൊഴില്‍ നഷ്ടവും സാമ്പത്തിക നഷ്ടവുമേറെ.
രോഗവ്യാപനം എങ്ങനെ ?
ലംപി സ്‌കിന്‍ രോഗത്തിന് കാരണം കാപ്രിപോക്‌സ് വൈറസ് കുടുംബത്തിലെ എല്‍. എസ്. ഡി (Lumpy Skin disease (LSD) virus) വൈറസുകളാണ്. ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കില്‍ നിന്ന് അടര്‍ന്ന് വീഴുന്ന വ്രണശല്‍ക്കങ്ങളിലും ഉമിനീരിലും മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും ഒലിക്കുന്ന സ്രവത്തിലും പാലിലും മറ്റു ശരീര സ്രവങ്ങളിലുമെല്ലാം ഉയര്‍ന്ന വൈറസ് സാന്നിധ്യം ഉണ്ടാവും. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍ നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗം പകരും. അണുവിമുക്തമാക്കാത്ത കുത്തിവെയ്പ് സൂചികള്‍ ഉപയോഗിക്കുന്നതും രോഗപ്പകര്‍ച്ചക്ക് ഇടയാക്കും. രോഗം ബാധിച്ച പശുവിന്റെ ഉമിനീരും മറ്റ് ശരീരസ്രവങ്ങളും കലര്‍ന്ന് രോഗാണുമലിനമായ തീറ്റകളും കുടിവെള്ളവും കഴിക്കുന്നതിലൂടെയും മറ്റ് പശുക്കളിലേക്ക് വൈറസ് വ്യാപനം നടക്കും. വായുവിലൂടെ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മ മുഴ രോഗ സാധ്യതയുള്ളത്. നാടന്‍ പശുക്കളെ അപേക്ഷിച്ച് വളരെ നേര്‍ത്ത ചര്‍മ്മമുള്ള എച്ച്എഫ്. അടക്കമുള്ള സങ്കരയിനം പശുക്കളെ രോഗം പെട്ടെന്ന് ബാധിക്കും.
പശുക്കളുടെ ത്വക്കിനെയും ദഹനവ്യൂഹത്തെയും ശ്വസനവ്യൂഹത്തെയുമാണ് ലംപി സ്‌കിന്‍ വൈറസുകള്‍ പ്രധാനമായും ബാധിക്കുക. രോഗാണുബാധയേറ്റ 4 മുതല്‍ 14 ദിവസങ്ങള്‍ക്കകം പശുക്കളും എരുമകളും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. ഉയര്‍ന്ന പനി, കറവയിലുള്ള പശുക്കളുടെ ഉല്‍പ്പാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി 2 മുതല്‍ 5 സെന്റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്റെ കീഴ്ഭാഗത്തും ഗുദഭാഗത്തുമെല്ലാം ഇത്തരം മുഴകള്‍ ധാരാളമായി കാണാം. രോഗതീവ്രത കൂടിയാല്‍ ശരീരമാസകലം മുഴകള്‍ കാണാനും സാധ്യതയുണ്ട്. രോഗത്തിന് സാംക്രമിക ചര്‍മ മുഴ രോഗം എന്ന് പേര് വന്നതിന് കാരണവും ഇത് തന്നെയാണ്. ചെറിയ മുഴകള്‍ ക്രമേണ ശമിക്കുമെങ്കിലും വലിയ മുഴകള്‍ പൊട്ടി രക്തസ്രാവത്തിനും വ്രണങ്ങളായി തീരാനും സാധ്യതയുണ്ട്. ഇത്തരം മുഴകള്‍ വായിലും അന്നനാളത്തിലും ശ്വസനനാളിയിലുമെല്ലാം ഉണ്ടാവാനും ഇടയുണ്ട്. ഇത് പലപ്പോഴും ശ്വസനതടസ്സം, ന്യൂമോണിയ, തീറ്റ കഴിയ്ക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയാക്കും. കീഴ്ത്താടി, ശരീരത്തിന്റെ കീഴ്ഭാഗം, കൈകാലുകള്‍ തുടങ്ങിയ ശരീരഭാഗങ്ങളോട് ചേര്‍ന്നുള്ള നീര്‍ക്കെട്ടും ചര്‍മമുഴ രോഗബാധയില്‍ കണ്ടുവരുന്നു. ഗര്‍ഭിണിപശുക്കളുടെ ഗര്‍ഭമലസാനും പശു മദി കാണിക്കാതിരിക്കാനും പ്രത്യുല്‍പ്പാദനചക്രം താളം തെറ്റാനും ചിലപ്പോള്‍ ചര്‍മമുഴ രോഗം കാരണമായേക്കാം.
എങ്ങനെ തടയാം
രോഗം ബാധിച്ച പശുക്കളുടെ ഐസൊലേഷന്‍ തന്നെയാണ് ലംപി സ്‌കിന്‍ രോഗവ്യാപനം തടയാനുമുള്ള വഴി . രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാല്‍ കുടിക്കാന്‍ കിടാക്കളെ അനുവദിക്കരുത് .
ലംപി സ്‌കിന്‍ രോഗകാരിയായ വൈറസിനെതിരെ പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. രോഗ വ്യാപനമുള്ള മേഖലകളില്‍ നിന്നും പുതുതായി പശുക്കളെ വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കുന്നതാണ് ഉചിതം. ഫാമുകളിലേക്ക് പുതിയ പശുക്കളെ കൊണ്ട് വരുമ്പോള്‍ അവയെ മൂന്നാഴ്ചയെങ്കിലും മുഖ്യതൊഴുത്തിലെ പശുക്കള്‍ക്കൊപ്പം ചേര്‍ക്കാതെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍) പരിചരിക്കണം.
പ്രതിരോധ കുത്തിവെയ്പ്
ലംപി സ്‌കിന്‍ രോഗം വ്യാപകമായി കണ്ടുവരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസിനെതിരെയുള്ള കൃത്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ പ്രചാരത്തിലുണ്ട്. രോഗകാരിയായ കാപ്രിപോക്‌സ് വൈറസിനെതിരെ ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാന്‍ നല്‍കുന്നതുമായ ഗോട്ട് പോക്‌സ് വാക്‌സിനാണ് പശുക്കളില്‍ ലംപി സ്‌കിന്‍ പ്രതിരോധ കുത്തിവയ്പ്പിനായി ഇന്ത്യയില്‍ നിലവില്‍ ഉപയോഗിക്കുന്നത് .ഈ വാക്‌സിന്‍ ഇപ്പോള്‍ മൃഗസംരക്ഷണവകുപ്പ് കര്‍ഷകര്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നുണ്ട് .