കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ ബാലിസ്റ്റിക് പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്ത തോക്കുകള്‍ തിരികെ നല്‍കണമെന്ന് നാവികസേന. 12 ഇന്‍സാസ് തോക്കുകള്‍ വിട്ടികിട്ടണമെന്നാവശ്യപ്പെട്ടു കോസ്റ്റല്‍ പോലീസിനാണു കത്തു നല്‍കിയത്. എന്നാല്‍, ബാലിസ്റ്റിക് പരിശോധനാ ഫലം ലഭിക്കാത്തതിനാലും അന്വേഷണം പൂര്‍ത്തിയാകാത്തതിനാലും ഇപ്പോള്‍ തിരിച്ചുുനല്കാനാവില്ലെന്നു പോലീസ് മറുപടി നല്കി. ബാലിസ്റ്റിക് പരിശോധന ഫലം വൈകരുതെന്ന് ആവശ്യപ്പെട്ടു രണ്ടുമാസം മുമ്പുഫോറന്സിക് ലാബിനു പോലീസ് കത്തയച്ചിരുന്നു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
പരിശോധനാഫലം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന നിഗമനത്തിലാണു പോലീസ്. സംഭവത്തില്‍ നാവികസേനയും ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. നാവികര്‍ കുറ്റക്കാരല്ലെന്ന സമീപനമാണു നേവി തുടക്കംമുതല്‍ സ്വീകരിച്ചത്. പരിശീലനകേന്ദ്രത്തിലെ തോക്കുകള്‍ വിദഗ്ധര്‍ പരിശോധിച്ചെങ്കിലും ഉപയോഗിച്ച തോക്ക് ഏതാണെന്നു കണ്ടെത്താനായില്ല. തുടര്‍ന്നാണു ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചത്. നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിനു സമീപമുള്ള സ്ഥലമായതിനാല്‍ നേവിക്കാര് തന്നെയാണ് വെടിവച്ചതെന്നാണു മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നാവികസേനയുടെ വെടിവയ്പ് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റതാവാം എന്നാണു പോലീസിന്റെയും നിഗമനം. എന്നാല്‍ വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണു നാവികസേന.
കഴിഞ്ഞ സെപ്തംബര്‍ ഏഴിനു രാവിലെ അല്‍ റഹ്മാന് എന്ന ഇന്‍ബോര്‍ഡ് വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയില്‍ സെബാസ്റ്റിയനാണ് (70) വെടിയേറ്റത്. വെടിയുണ്ട ചെവി തുളച്ചു കഴുത്തിലും മുറിവേല്‍പ്പിച്ചിരുന്നു. നാവികസേന പരിശീലനകേന്ദ്രമായ ഐ.എന്‍.എസ്. ദ്രോണാചാര്യയുടെ സമീപത്തു വച്ചായിരുന്നു സംഭവം.