ദീപിക പദുക്കോൺ ധരിച്ച ‘കാവി ഷഡ്ഡി’ മുറിച്ചു മാറ്റിയില്ല, ഷാറൂഖ് ഖാൻ ചിത്രം ‘പഠാൻ’ പരിക്കുകളില്ലാതെ തീയേറ്ററുകളിലെത്തും
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന, ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന ‘പഠാൻ’ സിനിമയ്ക്കു സെൻസർ ബോർഡ് യു /എ സർട്ടിഫിക്കറ്റ് നൽകി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗം ചിത്രത്തിൽ നിന്ന് നീക്കിയില്ല. മറ്റു ചില രംഗങ്ങളും വാചകങ്ങളും മാറ്റി. സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകി.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചില രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തിയിരുന്നു. താരങ്ങളുടെ കോലം കത്തിക്കുകയും സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാറുഖ് ഖാന് ചിത്രം എന്നതിനാൽ ബോളിവുഡ് സിനിമ പഠാൻ വൻ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. സമൂഹമാധ്യമങ്ങളിൽ അടക്കം വൻ സ്വീകാര്യതയാണ് പ്രതിഷേധ തള്ളലിലും ചിത്രത്തിന് ലഭിക്കുന്നത്. ‘പഠാൻ’ ജനുവരി 25 ന് തിയേറ്ററുകളിലെത്തും.